ദൈവമേ…, അവള്‍ വീണു !!!

ചെന്ത്രാപ്പിന്നി റോയല്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ക്ലാസ്സില്‍ കുറെ തരുണീമണികളുള്ളതിനാല്‍ എന്നും മുടങ്ങാതെ ക്ലാസ്സിലെത്തും.

ഞാന്‍ അല്‍പ്പം പഞ്ചാരയാണെന്നാണ് പല പെണ്‍കുട്ടികളുടെയും വെയ്പ്. അതില്‍ സത്യമൊന്നുമില്ല കേട്ടോ..

ഏറ്റവും വെറുപ്പുള്ള വിഷയം ഇംഗ്ലീഷായിരുന്നു. പക്ഷെ, എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചര്‍, ഇംഗ്ലീഷ് എടുക്കുന്ന ഷീബ ടീച്ചറാണ്.

ഷീബ ടീച്ചറുടെ ക്ലാസ് ഞാന്‍ ശ്രദ്ധിച്ച് കേട്ടിരിക്കും. താടിക്ക് കൈയ്യും കൊടുത്ത് ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന എന്നെ കാണുമ്പോള്‍ ടീച്ചര്‍ അഭിമാനം കൊള്ളുന്നതു പോലെ തോന്നാറുണ്ട് എനിക്ക്.

അതല്ലെങ്കിലും അങ്ങനെയാണല്ലോ.. ഇഷ്ടമില്ലാത്ത വിഷയം ഇഷ്ടമുള്ള ഒരാള്‍ പറഞ്ഞാല്‍ ഒരുപാട് ഇഷ്ടത്തോടെ നമ്മള്‍ കേട്ടിരിക്കും. ഒരിക്കലും ഈ ക്ലാസില്‍ നിന്ന് ഞാന്‍ ജയിക്കരുതേ എന്നു വരെ പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ട്. അതിന് മറ്റൊരു കാരണം കൂടിയുണ്ട് കേട്ടോ..

പ്ലസ്ടുവിന് കുറെ ചുള്ളത്തിക്കുട്ടികള്‍ ഉണ്ട് എന്നതു തന്നെ കാരണം. ഞാന്‍ എവിടെ പോയാലും അവിടെയൊരു പ്രേമം ഉണ്ടാകും എന്ന് എന്റെ കൂട്ടുകാര്‍ ഇടക്കിടെ കളിയാക്കാറുണ്ട്. ഇത്തവണ, പ്ലസ്ടുക്കാരി ഷാഹിനയായിരുന്നു എന്റെ മനസ്സ് തട്ടിയെടുത്തത്.

മനസ്സ് തട്ടിയെടുത്തു എന്നു പറഞ്ഞാല്‍ അത് കളവാകും. ഞാന്‍ എന്റെ മനസ്സ് അവള്‍ക്ക് എടുക്കാന്‍ പാകത്തില്‍ തുറന്നിട്ടിട്ടും മൈന്‍ഡ് ചെയ്യാതെ പോയ്ക്കളഞ്ഞു… അവള്‍…

ഇത്രയും നല്ല മനസ്സ് അവള്‍ക്ക് വേറെ എവിടെ കിട്ടാന്‍…?

എങ്കിലും വിട്ടുകളയാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

ആദ്യം ഞാന്‍ അവളുടെ മുന്നില്‍ ഹീറോ ആവാന്‍ ശ്രമിച്ചു. പെണ്‍കുട്ടികള്‍ക്ക് കോളേജ് ഹീറോകളോട് ഒരു ഇഷ്ടം തോന്നുമല്ലോ.

പക്ഷെ അവള്‍ വീണില്ല.

പിന്നെയാണ് അവളുടെ വീക്ക്‌നെസ്സ് ഞാന്‍ കണ്ടെത്തിയത്. അവളുടെ ബോക്‌സില്‍ കൊല്ലം ഷാഫിയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഞാന്‍ കണ്ടു. പുസ്തകത്തില്‍ ഷാഫിയുടെ പാട്ടുകളും..

പിന്നെ പാട്ടു പഠിക്കാനായി എന്റെ ശ്രമം. ഒടുവില്‍ ഒരുപാട് ശ്രമിച്ച് ഞാന്‍ കോളേജ് ഡേക്ക് ഒരു പാട്ടു പാടി..  എന്റെ പൊന്നേ….

കൂട്ടുകാര്‍ കൂവി… പിന്നെ എല്ലാവരും…

അവള്‍ വീണില്ല.. അതോടെ രണ്ടാം വഴിയും പൂട്ടി.

അന്നൊരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ച പ്ലസ്ടുക്കാര്‍ക്ക് റെഗുലര്‍ ക്ലാസുണ്ട്. ഞങ്ങള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസും…

സ്‌പെഷ്യല്‍ ക്ലാസുള്ള ദിവസം എന്റെയും കൂട്ടുകാരുടെയും ഭക്ഷണം കൊപ്രക്കളത്തെ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നിന്നാണ്. എല്ലാ ശനിയാഴ്ചയും അവിടെ ഏതെങ്കിലും കല്യാണം ഉണ്ടാകും. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരായതിനാല്‍, ഏതു സഹോദരന്റെ കല്യാണമായാലും പങ്കെടുക്കേണ്ടതും അവിടുന്ന് ഭക്ഷണം കഴിക്കേണ്ടതും നമ്മുടെ കര്‍ത്തവ്യമാണല്ലോ.

ചില സമയത്തെ എന്റെ കര്‍ത്തവ്യ ബോധം എന്നെ പല കുഴിയിലും കൊണ്ട് ചാടിക്കാറുണ്ട്.

എന്തായാലും, അന്നത്തെ ദിവസവും ഏതോ ഒരു സഹോദരന്റെ വിവാഹമുണ്ടായിരുന്നു. വധൂ വരന്‍മാരെ അനുഗ്രഹിക്കാന്‍ ഞാനും എന്റെ കൂട്ടുകാരും അങ്ങോട്ട് പോയി. നസീബും, റഫീഖും, സുമേഷും എന്റെ കൂടെയുണ്ടായിരുന്നു കേട്ടോ.

ഓഡിറ്റോറിയത്തില്‍ ചെന്നു, ചെറുക്കനോട് കുശലം പറഞ്ഞു.
‘അല്ല, എനിക്ക് മനസ്സിലായില്ലട്ടാ, നിങ്ങളെ.. സോറി..’
‘ഉവ്വടാ.. നിനക്ക് ഇപ്പോ ഞങ്ങളെയൊന്നും മനസ്സിലാവില്ല.’
‘ഉം.. അടിച്ചു പൊളിക്ക്. വാടാ… നമുക്കു പോയി ഭക്ഷണം കഴിച്ചിട്ട് വരാം. അപ്പോഴേക്കും ഇവനൊന്ന് ഫ്രീ ആവട്ടെ..’

ഞങ്ങള്‍ ഭക്ഷണശാലയിലെത്തി. ഭക്ഷണം കഴിച്ചു തുടങ്ങി.
‘ടാ.. ആരൊക്കെയോ നമ്മളെ വാച്ച് ചെയ്യുന്നതു പോലെ തോന്നുന്നു.’
‘ഇല്ലടാ.. അത് വിളിക്കാത്ത കല്യാണത്തിന് വന്നതു കാരണം നമുക്കു തോന്നുന്നതാ..’

പായസത്തിന്‌ നല്ല രുചിയുണ്ടായിരുന്നു. മതിവരുവോളം കോരിക്കുടിച്ചു.

‘അല്ല, നിങ്ങള്‍ ആരുടെ കൂടെ വന്നതാ..’
ചോദ്യകര്‍ത്താവ് ഒരു കാര്‍ന്നോര്‍ ആയതിനാല്‍ പെണ്ണിന്റെ അമ്മാവനാണെന്ന് മനസ്സിലായി.
‘ഞങ്ങള്‍ ചെക്കന്റെ കൂടെ വന്നതാ..’
‘ഓഹോ… ഭക്ഷണമൊക്കെ ഇഷ്ടപ്പെട്ടോ ആവോ..’
‘ഭേഷായിരുന്നു….’

ഭേഷോ…. അതെന്ത് ഭാഷ?
സലിം കുമാര്‍ പറഞ്ഞത് പോലെ, നമ്മള്‍ നമ്പൂതിരിമാരാണെന്ന് മനസ്സിലായിക്കോട്ടെ എന്നു കരുതി നസീബ് തട്ടിവിട്ടതാ…

‘ഏതായാലും ഭക്ഷണമൊക്കെ കഴിഞ്ഞതല്ലേ.. വിശ്രമിച്ചിട്ടേ പോകാവൂ… നാരായണാ.. ഇവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്തേക്കൂ…’

നാരായണന്‍ വന്ന് ഞങ്ങളുടെ ഫോട്ടോയുമെടുത്തു പോയി.

എന്നാലും എന്തിനായിരിക്കും അവര്‍ ഞങ്ങളുടെ ഫോട്ടോ എടുത്തത്…?
തിരിച്ചു പോരുമ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഞങ്ങള്‍ നാലു പേരും ഒരേ യൂണിഫോമിലായിരുന്നു….. !!!!

‘എന്തായിരുന്നു പുകില്..? ചെക്കന്റെ കൂടെ വന്നതാ.. ഭക്ഷണം ഭേഷായിരുന്നു. നമ്മള്‍ നമ്പൂതിരിമാരാണെന്ന് ശരിക്കും കരുതിക്കാണും അല്ലേ…’
‘ഉം… ക്ലൈമാക്‌സ് തിങ്കളാഴ്ച അറിയാം…’

തിങ്കളാഴ്ച കോളേജിലെത്തി. പതിവു പോലെ ഷീബ ടീച്ചറുടെ ക്ലാസ് ഞാന്‍ ശ്രദ്ധയോടെ കേട്ടു കൊണ്ടിരിക്കുമ്പോഴാണ് പ്രിന്‍സിപ്പലിന്റെ ദൂതന്‍ ക്ലാസിലേക്കു വന്നത്.

ഞങ്ങളെ നാലു പേരെയും ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു.

ഹരിദാസന്‍ മാഷുടെ ആ നോട്ടത്തില്‍ തന്നെ കാര്യം മനസ്സിലായി.
ഡയലോഗ് ഒന്നും പറയാതെ മാഷ് ഫോട്ടോ എടുത്തു കാണിച്ചു.

‘എന്താ വേണ്ടത്…?’
‘വീട്ടില്‍ നിന്ന് ആളെ കൊണ്ടു വരാം സാര്‍..’
‘അയ്യോ വേണ്ട. അത്ര വലിയ ത്യാഗമൊന്നും നിങ്ങള്‍ ചെയ്യണ്ട.’

അപ്പോഴേക്കും രണ്ടാം പിരീയഡിന്റെ മണി അടിച്ചു. ടീച്ചര്‍മാരും മാഷന്‍മാരും ഓഫീസ് മുറിയിലെത്തി. ക്ലാസ് ടെസ്റ്റിന്റെ ഉത്തരക്കടലാസ് ടീച്ചറെ ഏല്‍പ്പിക്കാന്‍ ഷാഹിനയും.

ഓഫീസ് മുറിയില്‍ തലകുനിച്ചു നില്‍ക്കുന്ന നാലു ചെറുപ്പക്കാരെ കണ്ടപ്പോള്‍ ടീച്ചര്‍മാര്‍ കാര്യം തിരക്കി.
എല്ലാവരോടുമായി ഹരിദാസന്‍ മാഷ് വിശദീകരിച്ചു.

‘കേട്ടോ ടീച്ചറേ.. വിളിക്കാത്ത കല്യാണത്തിന് പോയി സദ്യയുണ്ടവരാ ഇവര്‍. വീട്ടുകാര്‍ കൈയോടെ പിടികൂടി ഫോട്ടോ എടുത്ത് എന്റെ കൈയില്‍ തന്നപ്പോള്‍, എന്റെ തൊലി ഉരിഞ്ഞു പോയി.’

ഷീബ ടീച്ചര്‍ എന്നെ നോക്കി മൂക്കത്ത് വിരല്‍ വെച്ചു.
ഞാന്‍ ഇടംകണ്ണിട്ട് ഷാഹിനയെ നോക്കി.

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും ചിരിച്ചു, അവളെ നോക്കി… ഇന്നേവരെ ഞാന്‍ ചിരിക്കാത്ത ‘ഒരുതരം’ ചിരി…

അവളുടെ പുഞ്ചിരി ചിരിയായി വിടര്‍ന്നു..

ദൈവമേ…….. അവള്‍ വീണു………