ഇലഞ്ഞിമരച്ചോട്ടില്‍ ഒരിത്തിരി നേരം…


ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിന്റെ ഇടവേളകളൊന്നില്‍ ഞാന്‍ ആ ഇലഞ്ഞിമരച്ചോട്ടിലെത്തി. പഴയ ഓര്‍മ്മകള്‍ മേഞ്ഞു നടക്കുന്ന അക്കരപ്പാടത്തെ ആ മരത്തിന്റെ തണലില്‍ അല്‍പ്പനേരം ഇരുന്നു.

എന്റെ സ്വപ്‌നങ്ങളിലെന്നും വലിയൊരു സ്ഥാനം തന്നെ ആ മരത്തിനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനെന്റെ പ്രണയിനിയെ സ്ഥിരമായി കാത്തു നിന്നിരുന്നത് ഈ ഇലഞ്ഞിമരത്തിനടിയിലായിരുന്നു. എന്റെ സങ്കടവും സന്തോഷവും ഒരുപോലെ ഞാന്‍ പങ്കുവെച്ചതും ഈ മരത്തിനോടായിരുന്നു.

അവളോടെനിക്ക് തോന്നിയ പ്രണയം ആദ്യം തിരിച്ചറിഞ്ഞതും ഈ മരം തന്നെയാണ്. അത് ഞാന്‍ അവളോട് തുറന്നടിച്ചതും ഈ മരത്തിന്റെ ചുവട്ടില്‍ വെച്ചാണ്.

അന്നാദ്യമായി ഞാന്‍ ആ തെറ്റ് ചെയ്തു. ഒരു പ്രായ്ശ്ചിത്വത്തിനും പരിഹരിക്കാനാവാത്ത, ഒരു ഗംഗാ നദിക്കും കഴുകിക്കളയാനാവാത്ത തെറ്റ്. ഒരു പാപഭാരവുമേന്തി നടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.

അന്നത് എന്റെ ആവേശമായിരുന്നു. ലോകത്ത് ഒരു കാമുകനും ഒരു കാമുകിയേയും ഇത്രയധികം സ്‌നേഹിച്ചിട്ടില്ലെന്ന് ഞാന്‍ വീമ്പുപറഞ്ഞിരുന്ന കാലം.

അന്നു നീയണിഞ്ഞ ആ വെള്ള ചുരിദാറിന് ഒരു മുല്ലപ്പൂവിന്റെ ഗന്ധമുണ്ടായിരുന്നു. എന്റെ മനസ്സിനെ വല്ലാതെ ത്രസിപ്പിച്ച സുഗന്ധം.. റോഡരികിലെ ഈ ഇലഞ്ഞി മരച്ചോട്ടില്‍ ഞാനും നീയും മാത്രം. അന്നത്തെ ആ ചാറ്റല്‍ മഴയാണ് എന്റെ എല്ലാ നിയന്ത്രണങ്ങളും തകര്‍ത്തു കളഞ്ഞത്.

‘എന്റെ സുന്ദരിമുല്ലേ, ഈ ആകാശം ഒരു കാമുകനും ഭൂമി അവന്റെ കാമുകിയുമാണല്ലേ.?’
‘അതെന്താ അങ്ങനെ പറഞ്ഞത്?’
‘കണ്ടില്ലേ, ആകാശം ഒരു മഴയായി ഭൂമിയില്‍ അലിഞ്ഞുചേരുന്നത്.’
‘റബ്ബേ, റിയാസ്‌ക്കാക്ക് വട്ടായാ?’
‘ഞാനൊരു ആകാശവും നീ ഭൂമിയും ആയിരുന്നെങ്കില്‍, ഞാനൊരു മഴയായി നിന്നില്‍ അലിഞ്ഞു ചേര്‍ന്നേനേ…’
‘ഉവ്വ് ഉവ്വ്! ഇതെവിടെം വരെ പോകും..’

മഴ നനയാതിരിക്കാന്‍ അവള്‍ ആ മരത്തോട് ചേര്‍ന്ന് നിന്നിരുന്നു. ഞാന്‍ അവളുടെ അടുത്തേക്ക് ചാരിനിന്നു.

‘റിയാസ്‌ക്കാ… ഈ തൊടലും ചാരലും ഒന്നും വേണ്ടാന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാ.’
‘നീ എന്റേതല്ലെടാ മുത്തേ’
‘ആയിരിക്കാം.. അല്ല, ആണ്. പക്ഷെ, ഇത് വേണ്ടട്ടോ’

ഞാന്‍ അവളുടെ നേര്‍ക്ക് കൈ നീട്ടി.
അവള്‍ അവിടെ നിന്നും അല്‍പ്പം പിന്നിലേക്ക് മാറി.

‘റിയാസ്‌ക്കാ, ഇനി എന്റെ അരികിലേക്ക് വന്നാല്‍ ഞാന്‍ പിന്നെ മിണ്ടൂല്ലട്ടോ’

അവളുടെ എതിര്‍പ്പുകള്‍ക്ക് ചെവി കൊടുക്കാതെ ഞാന്‍ അവളുടെ വലംകൈയ്യില്‍ പിടിച്ചു. അവള്‍ ആ കൈ വലിച്ചു മാറ്റാന്‍ വിഫലശ്രമം നടത്തി. പക്ഷെ, ഞാനവളുടെ കരം മുറുകെ പിടിച്ചിരുന്നു.

ഒരു ചുംബനം. എന്റെ ജീവിതത്തിലെ ആദ്യ ചുംബനം. മന്ദമാരുതന് തലയാട്ടി നിന്ന ഇലഞ്ഞിമരത്തേയും, പെയ്തു വീണുകൊണ്ടിരുന്ന ചാറ്റല്‍ മഴയേയും സാക്ഷി നിറുത്തി ഞാന്‍ അവളുടെ കൈവിരലുകളില്‍ എന്റെ പ്രണയ ചുംബനം നല്‍കി. എന്റെ മനസ്സില്‍ അവള്‍ക്കായി കുറിച്ചിട്ട സ്‌നേഹം മുഴുവന്‍ എന്റെ ചുണ്ടുകളിലൂടെ അവളുടെ കൈയില്‍ ഞാന്‍ അര്‍പ്പിച്ചു.

മനസ്സും ശരീരവും പ്രണയാര്‍ദ്രമായി നിന്ന നിമിഷങ്ങള്‍.

പെട്ടെന്ന് അവള്‍ കൈവലിച്ചു. ആ കൈ കൊണ്ട് എന്റെ മുഖത്തടിച്ചു.
‘ഒരിക്കലും ഞാന്‍ റിയാസ്‌ക്കാടെ കൈയ്യില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല. എനിക്ക് വിശ്വാസമായിരുന്നു റിയാസ്‌ക്കാനെ. പക്ഷെ ഇന്ന്, ഈ നിമിഷം അതെല്ലാം തെറ്റി’

അവളുടെ മുഖത്തെ ഭാവമാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തി.
‘മുല്ലേ, ഞാന്‍….’
‘നോ… ഐ ഡോന്റ് വാണ്ട് എനി എക്‌സ്പ്ലനേഷന്‍’
അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘ഏയ്.. ടാ..’
‘എന്നെ വിളിക്കണ്ട. ഇനി കാണുകയും വേണ്ട. ദാ.. ഇതോടെ, ഇതോടെ അവസാനിച്ചു എല്ലാം.’
‘ഐ ആം സോറി മുത്തേ’
‘ഞാന്‍ നിങ്ങടെ മുത്തല്ല, നിങ്ങളെന്റെ ആരുമല്ല, ആരും.’

അവളുടെ സ്വരം മാറുന്നതായി എനിക്ക് തോന്നി. ഇനി സംസാരിച്ച് നില്‍ക്കാനൊക്കില്ല. ഇനി അധികം സംസാരിച്ചാല്‍ രംഗം വഷളാവുകയേ ഉള്ളൂ എന്നെനിക്ക് തോന്നി.

ചാറ്റല്‍ മഴയെ കാര്യമാക്കാതെ അവള്‍ അവിടെ നിന്ന് പോയി. ഇന്നത്തെ ദേഷ്യം മാറുമ്പോള്‍ അവളെ പറഞ്ഞ് മനസ്സിലാക്കാമെന്ന പ്രതീക്ഷയില്‍ ഞാനും.

പിറ്റെ ദിവസവും ഞാന്‍ അവിടെ കാത്തു നിന്നു. പക്ഷെ അവള്‍ വന്നില്ല. അന്ന് മാത്രമല്ല, പിന്നീടൊരിക്കലും ആ ഇലഞ്ഞിമരത്തിനടുത്തേക്ക് അവള്‍ വന്നില്ല. എന്നെങ്കിലുമൊരിക്കല്‍ വരുമെന്ന പ്രതീക്ഷയോടെ ഞാനെന്നും അവിടെ കാത്തു നിന്നിരുന്നു.

തെറ്റ് പറ്റിയത് എനിക്കാണ്. എന്റെ സ്വാര്‍ത്ഥത. എന്നെ പ്രണയിക്കുന്ന പെണ്‍കുട്ടി എന്നും എന്റേതായിരിക്കുമെന്ന എന്റെ വിശ്വാസമാണ് എന്നെക്കൊണ്ട് ആ തെറ്റ് ചെയ്യിച്ചത്.

പക്ഷെ,
അത്, എന്റെ സ്വപ്‌നങ്ങളുടെ ചിറകൊടിക്കുമെന്ന് ഞാന്‍ നിനച്ചില്ല. പലതവണ ഞാനവളെ കാണാന്‍ ശ്രമിച്ചിട്ടും നടന്നില്ല.
എന്റെ തെറ്റ് ഏറ്റു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷെ, അവള്‍ അതിനു ചെവി തന്നില്ല.

‘മുത്തേ, പറ്റിപ്പോയി. നീ എന്റടുത്തു വന്നപ്പോ.. നിന്നോടുള്ള സ്‌നേഹം അണപൊട്ടിയൊഴുകിയ എന്റെ ഹൃദയത്തെ തടഞ്ഞു നിര്‍ത്താന്‍ എനിക്കായില്ല. ഐ ആം സോറി. റിയലി സോറി. ഇനി ഒരിക്കലും… ഒരിക്കലും ഇങ്ങനെയൊന്നുണ്ടാവില്ല. നിനക്കിഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്യില്ല. ഇനി അങ്ങനെയൊന്ന് സംഭവിച്ചാല്‍.. ഇനിയൊരിക്കല്‍ എന്നെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ വന്നാല്‍… ഞാന്‍ വിശ്വസിക്കുന്ന എന്റെ റബ്ബ് സത്യം… പിന്നെ നിന്റെ ഇഷ്ടങ്ങള്‍ക്ക് തടസ്സം നില്‍ക്കാന്‍ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല. സത്യമായിട്ടും ഉണ്ടാകില്ല. മുത്തേ… ഒരിക്കല്‍ കൂടി… ഒരിക്കല്‍ കൂടി എന്നെ വിശ്വസിച്ചുകൂടെ..’

എന്റെയും അവളുടെയും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്ന ആ മരത്തില്‍ ചാരി നിന്ന് ഞാന്‍ പഴയ ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്തപ്പോള്‍ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞ് പോയിരുന്നു. ഇനിയൊരിക്കലും അവള്‍ക്ക് എന്റെ ആ പഴയ മുല്ലയാവാനാവില്ല. കാരണം, അവള്‍ ഒരുപാട് ദൂരത്തേക്ക് പറന്നകന്നിരുന്നു.

മറ്റേതോ ജീവിതത്തില്‍ സുഗന്ധം വിരിയിച്ച് അവളൊരു മുല്ലയായി പടര്‍ന്നു നില്‍ക്കുന്നുണ്ടാകണം, അവളുടെ ഓര്‍മ്മകളാല്‍ വേദനിക്കുന്ന ഈ ഹൃദയത്തെക്കുറിച്ചറിയാതെ….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s