നാലാമത്തെ പ്രണയലേഖനം


അന്നൊരു തിങ്കളാഴ്ചയായിരുന്നു.

രാവിലെ തന്നെ എഴുന്നേറ്റു. പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുളിച്ചൊരുങ്ങി. തലേന്നു തുന്നിക്കൊണ്ടു വന്ന് വെച്ച പുത്തന്‍ കുപ്പായമണിഞ്ഞ് ഞാന്‍ സന്തോഷത്തോടെ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി.

‘അല്ല! ഇന്നെന്താ ബയങ്കര സന്തോഷത്തീ.. എന്താണിന്നത്തെ പരിപാടി?’
‘ഓ.. ഈ ഉമ്മാനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, എങ്ങോട്ടെക്കെങ്കിലുമിറങ്ങുമ്പോ പൊറകീന്ന് വിളിക്കരുതെന്ന്. ഇന്നെന്റെ റിസല്‍ട്ട് വരുന്ന ദിവസാ…’
‘എന്ത് റിസല്‍ട്ട്? അതിന് നീ ഏത് പരീക്ഷയാ എഴുതിയത്?’
‘അതൊക്കെ ഞാന്‍ വന്നിട്ട് പറഞ്ഞുതരാം. ഞാന്‍ പോയിട്ട് വരട്ടെ.’
‘ഉം..’

ഞാന്‍ മുറ്റത്തേക്കറങ്ങി. ചുമരില്‍ ചാരിവെച്ചിരുന്ന സൈക്കിളെടുത്തു.
‘ശ്ശൊ! നാശം! എങ്ങോട്ടെങ്കിലും അര്‍ജന്റായി പോകാന്‍ നോക്കുമ്പോ സൈക്കിളില്‍ എയറ് കാണില്ലാ…’

സാരമില്ല. എനിക്കൊരു ഉറുമ്പിന്റെ ഭാരമല്ലേ ഉള്ളൂ. ഈ കാട്ടൂര് വരെ എനിക്കു പോകാന്‍ എയറില്ലാത്ത സൈക്കിള്‍ മതി.
ഇപ്പോ തന്നെ സമയം എട്ട് മണി കഴിഞ്ഞു. 8.20-നുള്ള ബസ് പിടിക്കണം.

ഞാന്‍ സൈക്കിളെടുത്ത് വേഗത്തില്‍ ചവിട്ടി.
എന്തോരം ചിവിട്ടിയിട്ടും നീങ്ങാത്തതു പോലെ… സൈക്കിള്‍ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

എങ്കിലും, പ്രതീക്ഷിച്ചതിനും രണ്ട് മിനിറ്റ് മുമ്പേ കാട്ടൂര്‍ ബസ്സ്റ്റാന്റിലെത്തി. ഞാന്‍ ആകെ ക്ഷീണിതനായിരിക്കുന്നു. എന്റെ നെറ്റിയില്‍ നിന്നും വിയര്‍പ്പു തുള്ളികള്‍ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. അടുത്തു കണ്ട കടയില്‍ നിന്നും ഒരു സര്‍ബത്ത് വാങ്ങി കുടിച്ചു.

കൃത്യ സമയത്തു തന്നെ ബസ് എത്തി. ഞാന്‍ അതില്‍ കയറിയിരുന്നു.
ബസ് പതുക്കെ എന്റെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു.

സൗഹൃദത്തിന്റെ കാണാക്കയങ്ങളില്‍, പ്രണയത്തിന്റെ നീരുറവ തേടിയാണ് ഞാനിന്നലെ അവള്‍ക്ക് എഴുത്തു കൊടുത്തത്.
ഇതെന്റെ നാലാമത്തെ കത്താണ്. ഇതിലും അവളെന്റെ പ്രണയം തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇനിയൊരിക്കലും അവള്‍ക്കത് തിരിച്ചറിയാനൊക്കില്ല.

പ്രണയം അങ്ങിനെയാണ്. ഒരിക്കല്‍ അത് തിരിച്ചറിഞ്ഞാല്‍ പിന്നെയത് മനസ്സില്‍ നിന്ന് മായില്ല. തിരിച്ചറിയരുതെന്ന് മനസ്സു വെച്ച പെണ്‍കുട്ടിയെ ഒരിക്കലും തോല്‍പ്പിക്കാനുമാവില്ല.

അവളൊരു സുന്ദരിയാണ്. ആള്‍ക്കൂട്ടത്തിനിടയിലും അവളുടെ ചലനങ്ങള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കവിതയെഴുതിയ കണ്ണുകളും, നാണം തളിര്‍ത്ത നുണക്കുഴിയും, പുഞ്ചിരിയില്‍ ചാലിച്ച ചുണ്ടുകളും… ഹാ! രഹനാ… നീയെത്ര സുന്ദരി..

ശരീര സൗന്ദര്യത്തേക്കാള്‍ എന്നെയേറെ ആകര്‍ഷിച്ചത് അവളുടെ മധുരമായ പെരുമാറ്റമാണ്. ഹൃദ്യവും സൗമ്യവുമായ സംഭാഷണം. വശ്യമായ പുഞ്ചിരി..

പ്ലസ്ടു പഠിക്കുന്നതിനായി ആദ്യം ആ കോളേജില്‍ വന്നതും, എന്റെ കൂട്ടുകാരടക്കം പലരും അവളുടെ പിന്നാലെ നടന്നതും, ആര്‍ക്കും പിടികൊടുക്കാതെ അവള്‍ ഒഴിഞ്ഞു മാറുന്നതെല്ലാം ഞാന്‍ അകലെ നിന്ന് നോക്കിക്കണ്ടു. മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒഴിഞ്ഞ് മാറുന്നത് കാണുമ്പോള്‍, ഞാന്‍ അവളെ നോക്കി മനസ്സില്‍ പറയാറുണ്ട്.
‘രഹനാ.. നീ എന്റെ പെണ്ണാണ്’

ബസ് ഇരിങ്ങാലക്കുടയിലെത്തി. ഞാന്‍ ബസ്സില്‍ നിന്നും ചാടിയിറങ്ങി ഠാണാവിലുള്ള ഐസ്‌ക്രീം പാര്‍ലറിനടുത്ത് അവളെയും കാത്തു നിന്നു.

സമയം 9 കഴിഞ്ഞിട്ടേയുള്ളൂ. ഇനിയും മുക്കാല്‍ മണിക്കൂര്‍ കഴയണം, അവളെത്തണമെങ്കില്‍..
ശ്ശൊ! ഇത്ര ധൃതിപിടിച്ച് വരേണ്ടായിരുന്നു.

സമയം ഇങ്ങനെയാണ്. പ്രതീക്ഷിക്കാത്തപ്പോള്‍ വേഗത്തിലും, അല്ലെങ്കില്‍ വളരെ പതുക്കെയും കടന്ന് പോകും. സുന്ദരനിമിഷങ്ങള്‍ പെട്ടെന്ന് നമ്മളില്‍ നിന്നും കവര്‍ന്നെടുക്കും. മുഷിഞ്ഞ കാത്തിരിപ്പിന് ദൈര്‍ഘ്യം കൂട്ടും.

ഒടുവില്‍, അവളെത്തി…
എന്നെ കണ്ട പാടെ അവള്‍ എന്റെ നേരെ വന്നു.
റബ്ബേ… എന്താണ് ആ മുഖത്തെ ഭാവങ്ങള്‍.. ?
ഒന്നും വായിച്ചെടുക്കാന്‍ പറ്റുന്നില്ലല്ലോ.

‘റിയാസ്, എനിക്ക് പറയാനുള്ളതെല്ലാം ഞാന്‍ പറഞ്ഞതല്ലേ. നാലല്ല, നാല്‍പ്പത് കത്ത് തന്നാലും എന്റെ മറുപടിക്ക് മാറ്റമുണ്ടാവില്ല. നിനക്ക് എന്റെ സാഹചര്യങ്ങളെക്കുറിച്ച് അറിയാത്തതിനാലാണ് പിന്നെയും നീ കത്തുമായി വരുന്നത്.’
‘രഹനാ… എന്തു സാഹചര്യങ്ങളെയും അതിജീവിക്കാന്‍ ഞാന്‍ തയ്യാറാണ്, നീ എന്റെ കൂടെയുണ്ടെങ്കില്‍…’
‘എന്നുവെച്ചാല്‍..’
‘പരിധികളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഞാന്‍ തികച്ചും ബോധവാനാണ്. നിനക്കെന്റെ പ്രണയം സ്വീകരിക്കാമെങ്കില്‍, നിനക്കെന്റെ കൂടെ നില്‍ക്കാമെങ്കില്‍, എല്ലാ പരിമിതികളെയും അതിജീവിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം, രഹനാ.. നീ എന്റെ ധൈര്യമാണ്.’
‘അതിനുള്ള ചങ്കുറപ്പ് നിനക്കുണ്ടോ റിയാസേ.. വെറുതെ ഒലിപ്പീരും കൊണ്ട് നടക്കാനല്ലാതെ…’
‘രഹനാ പ്ലീസ്… നീ എന്റെ പ്രണയത്തെ പരിഹസിക്കരുത്’
‘ഞാന്‍ നിന്റെ പ്രണയത്തെയല്ല, നിന്നെ തന്നെയാണ് പരിഹസിക്കുന്നത്.’
‘നിന്നെപോലത്തെ കാമുകന്‍മാര്‍ക്ക് പ്രണയം, പ്രണയം എന്ന് പറഞ്ഞ് പിന്നാലെ നടക്കാനേ അറിയൂ.. കുടുംബവും ബന്ധവുമൊന്നും പ്രശ്‌നമല്ലാത്ത ചിലര്‍ അതിന് ഇരയാകാറുമുണ്ട്. പക്ഷെ റിയാസ്, ഞാന്‍ ആ ടൈപ്പ് അല്ല.’
അവളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാനുള്ള കലി വന്നെങ്കിലും, ഞാന്‍ മൗനമവലംബിച്ചു.

‘എനിക്കൊരുപാട് പ്രശ്‌നങ്ങളുണ്ട് റിയാസ്. ഞാന്‍ അതിലേക്കൊന്നും നിന്നെ വലിച്ചിഴക്കുന്നില്ല. പക്ഷെ ഒന്ന് പറയാം, റിയാസിന് താത്പര്യമുണ്ടെങ്കില്‍ നാളെ മുതല്‍ ഞാന്‍ റിയാസിന്റെ നല്ല സുഹൃത്തായിരിക്കും. അതല്ലെങ്കില്‍, നമ്മള്‍ തമ്മില്‍ കണ്ടിട്ടില്ല. പരിചയപ്പെട്ടിട്ടില്ല. അത്രമാത്രം.. ‘

ഒരു മറുപടി കേള്‍ക്കാന്‍ പോലും നില്‍ക്കാതെ അവള്‍ പോയി.

രഹനാ.. എല്ലാ പ്രണയവും നീ ഉദ്ദേശിക്കുന്നതു പോലെ നേരമ്പോക്കല്ല. അപൂര്‍വ്വം ചിലത് ആത്മാര്‍ത്ഥമാണ്. ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുള്ളതാണ്. ഒരു കാമുകന്റെ ഹൃദയം പൊളിച്ചു നോക്കാന്‍ ഏതെങ്കിലുമൊരു കാമുകിക്ക് ഈശ്വരന്‍ കഴിവു കൊടുത്തിരുന്നുവെങ്കില്‍, ഈ ലോകവും അതിലുള്ള മറ്റെന്തിനേക്കാളും വിലപ്പെട്ടത് ആ ഹൃദയമാണെന്നും, അതിനുള്ളില്‍ മുഴുവന്‍ അവളോടുളള ഇഷ്ടമാണെന്നും അവള്‍ തിരിച്ചറിഞ്ഞേനേ..
രഹനാ.. നിനക്കൊരു വരം ദൈവം തന്നാല്‍, അത് എന്റെ സ്‌നേഹം തിരിച്ചറിയാനുള്ളതായിരിക്കട്ടെ.

നനഞ്ഞ കണ്ണുകളോടെ ഞാന്‍ അവിടെ നിന്നും വിടവാങ്ങി.
പരീക്ഷയില്‍ തോറ്റു പോയെന്ന് ഉമ്മാനോട് പറയാം. പക്ഷെ, പഞ്ചറായ സൈക്കിളില്‍ ഞാനെങ്ങനെ തിരിച്ച് വീട്ടിലെത്തും?

Advertisements

3 thoughts on “നാലാമത്തെ പ്രണയലേഖനം

 1. najanum pranayikunnudu entha mathrm prashiyettana…………….

  jevithamathrayum entha mathramakanam prashiyettan…………….

  dayvam entha kooda undu athu sathyamaya karyam …………….

  I LOVE YOU PRASHIYETTAAAAAAAAAAAAAAAAAAAAAAA

  LOVELY YOUR WIFE

  SHIBINA

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s