ശങ്കരന്‍റെ സങ്കട ഹര്‍ജി


മദ്യം വിഷമാണ് എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഓതി നടക്കുന്ന മദ്യ വിരുദ്ധ സമിതിക്ക് മുമ്പാകെ, തൃശൂരില്‍ നിന്നും ഒരു പാവം കൂലിവേലക്കാരന്‍ ബോധിപ്പിക്കുന്ന അപേക്ഷ.
സര്‍,
പകലന്തിയോളം പാടത്തും പറമ്പിലുമായി പണിയെടുക്കുന്ന ഒരു പാവപ്പെട്ട കൂലിവേലക്കാരനാണ് ഞാന്‍. ഏകദേശം പതിനാറാമത്തെ വയസ്സില്‍ തുടങ്ങിയതാണ് എന്‍റെ പണി. വീട്ടില്‍ കഷ്ടപ്പാടും, ഒരു നേരത്തെ അന്നത്തിന് അമ്മ ബുദ്ധിമുട്ടുന്നതും കണ്ടപ്പോള്‍, സ്കൂള്‍ പഠനം കഴിഞ്ഞ്, പാടത്തേക്ക് തൂമ്പായെടുത്തിറങ്ങി.

ഇപ്പഴത്തെ പിള്ളാര്‍ക്ക് ഒരു വിചാരമുണ്ട്. പേന പിടിച്ച കൈ പിന്നെ കമ്പൂട്ടറില്‍ കുത്താനേ ഉപയോഗിക്കാവൂ എന്ന്. എന്നാ, അച്ഛനില്ലാതെ വളര്‍ന്നതു കൊണ്ടാകണം, എനിക്ക് പണ്ടേ അങ്ങനെ വലിയ മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇപ്പോ 23 കൊല്ലമായി ഞാന്‍ എന്‍റെ ജോലി തുടര്‍ന്നു വരുന്നു. ഇതിനിടയില്‍, അഞ്ച് സെന്‍റുണ്ടായിരുന്ന എന്‍റെ ഭൂമി 3 സെന്‍റായി കുറഞ്ഞു. പഞ്ചായത്തു വക ഞങ്ങളുടെ കോളനിവഴി പുതിയ റോഡ് നിര്‍മ്മിച്ചതിന് എന്‍റെ രണ്ട് സെന്‍റ് കൊടുക്കേണ്ടി വന്നു. നഷ്ടപരിഹാരം കിട്ടാനായി, 13 വര്‍ഷമായി കേസ് നടക്കുകയാണ്.
പഴയ ഓലപ്പുര ഇപ്പോഴും വര്‍ഷാവര്‍ഷം മേഞ്ഞുകൊണ്ടിരിക്കുന്നു. കല്‍പ്പണിക്കാരന്‍ ദാമോദന്‍റെ മോളെ മിന്നുകെട്ടി കൂടെ കൂട്ടി. രണ്ടു കുട്ടികള്‍, മൂത്തവള്‍ അഞ്ചിലും, ഇളയവള്‍ ഒന്നിലും പഠിക്കുന്നു. നിത്യരോഗിയായ അമ്മയും വീട്ടിലുണ്ട്.

എന്‍റെ വീടിന്‍റെ അവസ്ഥ ബോധിപ്പിക്കാനല്ല, ഞാനീ കത്തെഴുതുന്നത്. രാവിലെ തൂമ്പായുമായി പണിക്കിറങ്ങിയാല്‍ പിന്നെ വീട്ടിലെത്തുന്നത് അന്തിക്കാണ്. അഞ്ചുമണിക്ക് പണി നിറുത്തി കാശ് വാങ്ങാനായി മുതലാളിയുടെ വീട്ടില്‍ ചെന്നാല്‍ 250 രൂപാ കിട്ടും. ഇതില്‍ 75 രൂപാ ഞാന്‍ ചിലവാക്കുന്നത് കുട്ടപ്പന്‍റെ ഷാപ്പിലാണ്.

ഞാനും കുട്ടനും, അശോകനും ചേര്‍ന്നാണ് ഷാപ്പിലേക്ക് പോകുക. ഷാപ്പിലെ നിത്യ സന്ദര്‍ശകരായത് കൊണ്ട് ഞങ്ങടെ വിഹിതം കുട്ടപ്പന്‍ മാറ്റി വെച്ചിരിക്കും. 75 രൂപായില്‍ ഒരു രൂപാ കൂടുതല്‍ ഷാപ്പില്‍ ചിലവിടില്ല.

ഞങ്ങളെപ്പോലോത്ത പാവപ്പെട്ട പണിക്കാര്‍ക്ക് വിദേശ മദ്യം കാണാനോ രുചിക്കാനോ ഉള്ള ഭാഗ്യം, മാവേലി വരുമ്പോളേ കിട്ടാറുള്ളൂ. അതും വല്ല ഗള്‍ഫുകാരനും കനിഞ്ഞാല്‍. സത്യം പറഞ്ഞാല്‍ നാടന്‍ കള്ള് വിട്ട്, ഒ.പി.ആര്‍ അടിച്ചത് കഴിഞ്ഞ വിഷുവിനാണ്.

കഴിഞ്ഞ ദിവസം പത്രത്താളില്‍ നിന്നാണ് ഞാനാ ഭീകര വാര്‍ത്തയറിഞ്ഞത്. വിഷമദ്യം കഴിച്ച് മലപ്പുറത്ത് 26 പേര്‍ മരിച്ചെന്ന്. കുറെപ്പേരുടെ കണ്ണ് പൊട്ടിപ്പോയെന്ന്. ദൈവമേ.. ഇതെന്തൊരു പരീക്ഷണം..?
ഞാന്‍ മരിച്ചാല്‍ പിന്നെ, എന്‍റെ മക്കള്‍ക്കാരുണ്ട്. എന്‍റെ കുടുംബത്തിന് വേറൊരു ആശ്രയമില്ല. വേറൊരു വരുമാന മാര്‍ഗ്ഗവുമില്ല. എന്‍റെ കണ്ണ് പൊട്ടിപ്പോയാല്‍ പിന്നെ എനിക്ക് പണിയെടുത്ത് കുടുംബം പോറ്റാനാകുമോ.

അതു കൊണ്ട് ബഹുമാനപ്പെട്ട മദ്യവിരുദ്ധ സമിതിയോട് ഞാന്‍ താഴ്മയായി അപേക്ഷിക്കുകയാണ്.
ഇനി മുതല്‍ എല്ലാ ഷാപ്പുകളിലും, വിഷമില്ലാത്ത ഒറിജിനല്‍ നാടന്‍കള്ള് തന്നെ എത്തിക്കുവാനുള്ള സംവിധാനം ഒരുക്കണം. അതിനു വേണ്ടി സമരം ചെയ്യേണ്ടി വന്നാലും, ഞാനും കുട്ടനും അശോകനും പിന്നെ ഈ കേരളത്തിലെ പകുതിയോളം വരുന്ന കൂലിപ്പണിക്കാരും ബഹുമാനപ്പെട്ട സമിതിക്ക് പിന്നില്‍ അണി നിരക്കാന്‍ തയ്യാറാണ്. അക്കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുവാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കണം. അതു കൊണ്ട് എന്നെപ്പോലത്തെ ഒരുപാട് കൂലിപ്പണിക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്കാകും. മദ്യം വിഷമാണെന്ന് പറഞ്ഞു നടക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് കേരളത്തിലെ അമ്പത് ശതമാനത്തോളം വരുന്ന മദ്യപരുടെ ജീവന്‍ എന്ന് മദ്യ വിരുദ്ധ സമിതി തിരിച്ചറിയാന്‍ വൈകിപ്പോകരുതെന്ന് താഴ്മയാല്‍ അപേക്ഷിക്കുന്നു.

വിനയപൂര്‍വ്വം,
ശങ്കരന്‍

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s