എന്നെ പ്രേമിക്കാമോ?

‘എന്നെ പ്രേമിക്കാമോ?’

അതിരാവിലെ മുഖ പുസ്തകം തുറന്ന് പരിശോധിക്കുന്നതിനിടയില്‍ ഈ മെസ്സേജില്‍ എന്റെ കണ്ണുടക്കി. ഇതാരെടാ..! ഇങ്ങനെയൊരു മെസ്സേജ് അയക്കാന്‍ മാത്രം ധൈര്യമുള്ള പെങ്കൊച്ചോ..? പാവം! അവളെന്നെ നേരില്‍ കണ്ടു കാണില്ല. അതുകൊണ്ടാണ്. എന്തായാലും ഇവളെക്കുറിച്ച് ഒന്ന് അറിയണമല്ലോ.

ലക്ഷ്മി ഗോപാലസ്വാമിയുടെ ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചര്‍. പേര് ലക്ഷ്മി എന്നായതിനാല്‍ രൂപവും ഏതാണ്ട് അതുപോലെത്തന്നെയായിരിക്കും എന്ന് ഞാന്‍ കണക്കുകൂട്ടി. ഞാന്‍ പ്രൊഫൈലിനുള്ളിലേക്ക് കടന്നു. മുഖപുസ്തകത്തില്‍ മറ്റൊരാളുടെ പ്രൊഫൈലില്‍ കയറാന്‍ അനുവാദം ചോദിക്കേണ്ടതില്ലല്ലോ.

കൂടുതല്‍ വിവരങ്ങള്‍ പുറംലോകം കാണിക്കാതെ മറച്ചു വെച്ചിരിക്കുകയാണ് കൊച്ചു ‘ഗള്ളി’. കോട്ടയത്ത് ഒരു കോളേജില്‍ ബി ടെക്കിന് പഠിക്കുകയാണെന്ന് മാത്രം മനസ്സിലായി. കൊള്ളാം! പ്രേമിക്കാന്‍ പറ്റിയ നല്ല പ്രായം!!

ഉടന്‍ തന്നെ ഞാന്‍ മെസ്സേജിന് മറുപടി അയച്ചു.

‘ആരാ, മനസ്സിലായില്ല..!’

അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ തിരിച്ചു മറുപടി കിട്ടി.

‘കൊള്ളാം. ഞാനൂഹിച്ചത് ശരിയായിരുന്നു.’

‘എന്ത് ഊഹിച്ചൂന്ന്’

‘ഈ മെസ്സേജ് കാണേണ്ട താമസം. ചാടിക്കേറി എനിക്ക് റിപ്ലൈ തരുമെന്ന്’

‘ഓഹോ..’

അല്‍പ്പനേരത്തെ മൗനം. ശ്ശൊ! കാലത്ത് തന്നെ ആകെ നാറിയല്ലോ.

‘എന്താ മിണ്ടാട്ടമില്ലല്ലോ. പ്രണയത്തെക്കുറിച്ചും പിണക്കത്തെക്കുറിച്ചും ഒരുപാട് എഴുതുന്ന എഴുത്തുകാരന് ഇപ്പോ നാവിറങ്ങി പോയോ?’

ഞാന്‍ പിന്നെയും മിണ്ടിയില്ല.

‘ക്ഷമിക്കണം! ഞാന്‍ അതിരു കടന്നെങ്കില്‍..’
‘ഇങ്ങനെയൊരു മെസ്സേജ് ഇട്ടാല്‍ പെട്ടെന്ന് ശ്രദ്ധിക്കുമെന്ന് തോന്നി. ഒരുപാട് മെസ്സേജുകള്‍ കിട്ടുന്ന ആളല്ലേ. എന്റെ മെസ്സേജ് ശ്രദ്ധിക്കാതെ പോയാലോ എന്നു കരുതി അയച്ചതാണ്.’

ഞാന്‍ പിന്നെയും മിണ്ടിയില്ല. കാലത്ത് തന്നെ ഒന്നു ചൂളിപ്പോയതിന്റെ ചളിപ്പ് ഇപ്പോഴും മാറിയിട്ടില്ല.

‘എന്താ പിണക്കക്കാരാ ഒന്നും മിണ്ടാത്തത്. ഞാന്‍ ക്ഷമ ചോദിച്ചില്ലേ.’

‘സോറി. ഒന്നു രണ്ട് മെസ്സേജുകള്‍ നോക്കുകയായിരുന്നു. ഏയ്. അതു സാരമില്ല.’

‘പിന്നെ, എനിക്കറിഞ്ഞുകൂടെ, ഇത്രയും നേരം എന്റെ മെസ്സേജ് മാത്രം നോക്കുകയായിരുന്നു എന്ന്. എന്തിനാ ഈ ജാഡ?’

ദൈവമേ.. ഇന്ന് എന്തു പറ്റി എനിക്ക്. ആകെ നാണം കെടുന്ന ലക്ഷണമാണല്ലോ.

‘ഏയ് ഇല്ല. പോട്ടെ, എന്താ വിശേഷങ്ങള്‍?’

‘സുഖം. സുഖകരം. പതിവു പല്ലവികള്‍ മാറ്റാം. ഞാന്‍ മെസ്സേജ് വിട്ടത് എന്തിനാണെന്ന് ചോദിച്ചില്ലല്ലോ.’

‘പറയൂ’

‘പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ ബ്ലോഗുകള്‍ വായിച്ചു. ഇഷ്ടപ്പെട്ടു. ഒരുകാര്യം ചോദിച്ചോട്ടെ, പ്രണയനൈരാശ്യമാണോ ഇങ്ങനെയൊരു ബ്ലോഗെഴുത്തിന് കാരണമായത്.’

‘ഏയ് അങ്ങനെയൊന്നുമില്ല. ചുമ്മാ അങ്ങ് എഴുതിത്തുടങ്ങി. പിന്നെ, പലരും പ്രോത്സാഹിപ്പിച്ചു. സോ..’

‘എന്ത് എഴുതിയാലും അത് അവസാനം പ്രണയത്തില്‍ തന്നെ എത്തിച്ചേരുന്നത് എന്തുകൊണ്ടാണ്?’

‘പ്രണയം എനിക്ക് അത്രയേറെ പ്രിയപ്പെട്ടതുകൊണ്ടാകാം.’

‘പ്രണയമോ അതോ പ്രണയിനിയോ…’

‘രണ്ടും.’

‘കൊള്ളാലോ കക്ഷി. ഇങ്ങനെ ഒരുപാട് പേരെ പ്രേമിച്ച് നടക്കാന്‍ ഒരു ഉളുപ്പും തോന്നിയില്ല?’

ശ്ശെടാ! ഞാന്‍ പിന്നേം ശശിയായോ? എന്താണാവോ ഈ പെങ്കൊച്ചിന്റെ ഉദ്ദേശ്യം. ഇനി എന്റെ ചാറ്റ് മെസ്സേജ് വല്ലതും സ്‌ക്രീന്‍ഷോട്ടെടുത്ത് പബ്ലിഷ് ചെയ്യാനായിരിക്കുമോ?

കലികാലമാണേ.. എനിക്കാണെങ്കില്‍ ഇപ്പോ കഷ്ടകാലവും!

‘ഓഫീസില്‍ പോകാന്‍ സമയമായി. നമുക്ക് പിന്നെ ചാറ്റാം.’

‘അയ്യോ! പിന്നെ ചാറ്റാനൊന്നും എന്നെക്കിട്ടില്ല. ഞാന്‍ ഒരു കാര്യം പറഞ്ഞിട്ട് അങ്ങ് പൊയ്‌ക്കോളാം.’

ഇവള് നമ്മള്‍ വിചാരിച്ച ലെവലൊന്നുമല്ലല്ലോ. അല്‍പ്പം കൂടിയ ഇനമാ. പെണ്‍വര്‍ഗ്ഗത്തില്‍ ഇങ്ങനെ വളരെ അപൂര്‍വ്വം പേരേ കാണൂ. ചളിപ്പും മുഷിപ്പും കാട്ടാതെ മുഖത്തൊരിത്തിരി പുഞ്ചിരി വരുത്തി ഞാന്‍ പറഞ്ഞു.

‘പറയൂ.’

‘നിങ്ങളുടെ ബ്ലോഗുകളൊക്കെ കൊള്ളാം. ഭാവനയായാലും അനുഭവമായാലും സരസമായ ഭാഷയില്‍ എല്ലാം എഴുതിയിട്ടുണ്ട്. പക്ഷെ, എല്ലാ കഥയിലും ഒരു പെണ്‍ചതിയുടെ ലാഞ്ചന ഒളിഞ്ഞ് കിടപ്പുണ്ട്. എന്താ പെണ്‍കുട്ടികളെ ഒരു ചതിയുടെ പ്രതീകമായി മാത്രം നിങ്ങള്‍ അവതരിപ്പിക്കുന്നത്?’

എന്റെ ദൈവമേ! ഇത് എനിക്കൊരു പുതിയ അറിവാണല്ലോ. ഞാന്‍ എഴുതുന്നത് മുഴുവന്‍ പെണ്‍കുട്ടികളുടെ ചതിയെക്കുറിച്ചാണോ? ഞാന്‍ അങ്ങിനെ ചിന്തിച്ചിട്ട് പോലുമില്ല. ഈ കുട്ടി എന്താ ഇങ്ങനെ പറയുന്നത്?

‘നിങ്ങളെ ചതിച്ച പെണ്‍കുട്ടികള്‍ ഒരു പക്ഷെ ഉണ്ടാകാം. നിങ്ങളുടെ അനുഭവങ്ങളിലുള്ള പെണ്‍കുട്ടികളില്‍ ചിലര്‍ ചിലപ്പോള്‍ അത്തരത്തില്‍ പെരുമാറിയിട്ടുണ്ടാകാം. പക്ഷെ, എല്ലാവരും അത്തരക്കാര്‍ അല്ല.’

‘ലക്ഷ്മീ. ഞാന്‍ ഒരു പെണ്‍കുട്ടിയെയും മോശമായി ചിത്രീകരിച്ചിട്ടില്ല. അതൊരിക്കലും ഉണ്ടാവുകയുമില്ല.’

‘നിങ്ങളുടെ എഴുത്തില്‍, വാക്കുകളില്‍ അങ്ങിനെ ഉള്ളതു പോലെ തോന്നി. അതുകൊണ്ട് പറഞ്ഞതാണ്.’

‘ക്ഷമിക്കണം. അങ്ങിനെ ഒരു തോന്നലുണ്ടാകാന്‍ മാത്രമൊന്നും ഞാന്‍ എഴുതിയിട്ടില്ല എന്നാണ് എന്റെ വിശ്വാസം.’

‘ഒരുകാര്യം ഓര്‍മ്മപ്പെടുത്താന്‍ മാത്രമാണ് ഞാന്‍ ഈ മെസ്സേജ് ഇട്ടത്. നിങ്ങളുടെ വിരഹം നിങ്ങളെ ഒരുപക്ഷെ നൈരാശ്യപ്പെടുത്തിയേക്കാം. പക്ഷെ, അത് മാത്രമല്ല പെണ്‍മനസ്സ്’

‘ലക്ഷ്മീ, എന്റെ കഥകള്‍ എന്റെ ഭാവനകള്‍ മാത്രമാണ്. ‘പിണക്ക’ത്തില്‍ ചതിയില്ല. പ്രണയം മാത്രമാണുള്ളത്’

‘ഉം. പ്രണയം. ഉണ്ട!’

ദേഷ്യത്തിന്റെ ഇമോ!

‘ലക്ഷ്മീ, പ്രണയത്തിനിടയില്‍ ചില പിണക്കങ്ങള്‍ അനിവാര്യമാണ്. ഒളിമങ്ങാതെ പ്രണയം നിലകൊള്ളണമെങ്കില്‍ ഇച്ചിരി പിണക്കം മേമ്പൊടിക്ക് വേണ്ടേ?’

അങ്ങേത്തലക്കല്‍ മൗനം.
തിരിച്ചൊന്നും കാണാതായപ്പോള്‍ ഞാന്‍ തുടര്‍ന്നു.

‘ലക്ഷ്മി എന്തിനാ ദേഷ്യപ്പെടുന്നതെന്ന് അറിയില്ല.’

ഇമോകളാണല്ലോ ഇപ്പോള്‍ നമ്മുടെ മൂഡ് നിര്‍ണ്ണയിക്കുന്നത്. ദേഷ്യം ഇപ്പോള്‍ കരച്ചിലായി മാറി.

‘നിങ്ങള്‍ക്ക് അറിയോ. ഞാന്‍ പ്രണയത്തിലൂടെ ചതിക്കപ്പെട്ടവളാണ്. ജീവനേക്കാളേറെ സ്‌നേഹിച്ചതാ ഞാന്‍ അവനെ. പക്ഷെ…’

ഞാന്‍ ഒന്നും മിണ്ടിയില്ല.

‘അല്ല, ഞാന്‍ ഇതൊക്കെ എന്തിനാ നിങ്ങളോട് പറയുന്നത്? എന്റെ കഥക്ക് നിങ്ങളുടെ കഥകളുടെ അത്ര ഭംഗിയൊന്നുമില്ല.’

ഞാന്‍ പിന്നെയും മൗനത്തില്‍ മുഴുകി. ഓഫീസില്‍ പോകാനാണെങ്കില്‍ സമയം അതിക്രമിച്ചു. എന്തു പറഞ്ഞാണ് ഞാന്‍ ഇവളെ ഒന്ന് സമാധാനിപ്പിക്കുക.

‘എന്താ പിണക്കക്കാരന്‍ എന്നോടും പിണങ്ങിയോ. അതോ, ഞാന്‍ നിങ്ങളെ ബോറടിപ്പിച്ചോ?’

‘ഏയ്. ഇല്ല.’

‘ഓഫീസില്‍ പോകാന്‍ സമയമായല്ലേ’.

എന്റെ മനസ്സ് വായിച്ച പോലെ അവള്‍ ചോദിച്ചു. അതല്ലെങ്കിലും അങ്ങിനെയാണ്. കഥാകാരനേക്കാള്‍ മനോഹരമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഥാസ്വാദകര്‍ക്ക് കഴിയും.

‘ഞാനായിട്ട് വൈകിപ്പിക്കുന്നില്ല. എന്തെങ്കിലും ഒന്ന് എന്നോട് പറയെടോ…’

ഞാന്‍ എന്താ അവളോട് പറയുക?

‘നിങ്ങള് വല്യ കഥാകാരനല്ലേ. ഞാന്‍ ഇപ്പോ ആകെ മൂഡ് ഔട്ടാ.. ഇയാള്‍ക്കെന്റെ എന്റെ മൂഡ് മാറ്റാന്‍ പറ്റ്വോ?’

കൊള്ളാം. ഞാന്‍ വല്യ കഥാകാരനാണത്രെ! എന്തായാലും എന്നെ അല്‍പ്പം പൊക്കിപ്പറഞ്ഞത് എനിക്ക് സുഖിച്ചു. ഇനി അവള്‍ ആവശ്യപ്പെട്ടത് പോലെ ചെയ്തില്ലെങ്കില്‍ ശരിയാവില്ലല്ലോ.

എന്താ ചെയ്ക?

‘അതേ…’

‘ഉം..’

‘ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ?’

‘ചോദിക്കൂ…’

‘എനിക്ക് ആദ്യം ഒരു മേസ്സേജ് അയച്ചില്ലേ. എന്നെ പ്രേമിക്കാമോ എന്ന്’.

‘ഉം..’

‘അത് ശരിക്കും ചോദിച്ചതാണോ. അതോ തമാശക്ക് പറഞ്ഞതാണോ?’

അവളുടെ മൂഡ് മാറിയോ എന്ന് അറിയാനായി പലവട്ടം ഞാന്‍ ‘ഹലോ’ എന്ന് മെസ്സേജ് അയച്ചു നോക്കി. പക്ഷെ, ഇന്നേവരെ അവള്‍ പിന്നെ ഓണ്‍ലൈനില്‍ വന്നിട്ടില്ല.

Advertisements

മായാത്ത മുഖം

മറവി മായ്ച്ചു കളഞ്ഞ ഏതോ ഒരു മുഖം അലയുമ്പോഴാണ് അവിചാരിതമായി ഞാന്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വന്നിറങ്ങിയത്.

ബസ് ഇറങ്ങുമ്പോള്‍ തന്നെ മുന്നില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം കണ്ടു. ഒരു പത്തിരുപതു പേര്‍ അവിടെ വട്ടം കൂടി നില്‍ക്കുന്നു. തിക്കിത്തിരക്കി ഞാന്‍ ആള്‍ക്കൂട്ടത്തിന്റെ മുന്നിലെത്തി.

ഒരു നാടോടി സ്ത്രീയും രണ്ട് കുട്ടികളുമാണ് രംഗത്ത്. നാടോടിപ്പെണ്ണിന്റെ മാറില്‍ ഭാണ്ഡം പോലെ കെട്ടി വെച്ചിരിക്കുകയാണ് ഒന്നൊന്നര വയസ്സുള്ള ആണ്‍കുട്ടിയെ. പന്ത്രണ്ടു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി കുറച്ച് മാറി നില്‍പ്പുണ്ട്. നാടോടിപ്പെണ്ണിന്റെ മക്കളാണ് രണ്ടു പേരും എന്നു തോന്നുന്നു.

പെണ്‍കുട്ടി കരയുകയാണ്. തറയില്‍ ചിതറിക്കിടക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും.

നാടോടി സ്ത്രീ അലമുറയിടുകയാണ്. ആരോടോ ഉള്ള ദേഷ്യം തീര്‍ക്കാനെന്ന് പോലെ.

കൂടി നില്‍ക്കുന്നവരോട് ഞാന്‍ കാര്യമന്വേഷിച്ചു.
‘തെണ്ടിപ്പെണ്ണിന്റെ അഹങ്കാരം! അല്ലാതെന്താ?’

കൂട്ടത്തിലെ കാരണവരുടെ പ്രതികരണം എന്റെ മനസ്സിനെ വേദനിപ്പിച്ചു.

ആ കൊച്ചു പെണ്‍കുട്ടി ബസ് സ്റ്റാന്റില്‍ യാചന നടത്തുകയായിരുന്നു. അന്നു കിട്ടിയ ‘കളക്ഷന്‍’ കുറഞ്ഞതിന്റെ പേരില്‍, അവളുടെ അമ്മ എന്നു തോന്നിക്കുന്ന ആ നാടോടി സ്ത്രീ അവളെ പട്ടിണിക്കിട്ടത്രെ.

അമ്മ കാണാതെ, ഭാണ്ഡത്തില്‍ നിന്ന് ഭക്ഷണമെടുത്ത് കഴിക്കുകയായിരുന്ന ആ പെണ്‍കുട്ടിയില്‍ നിന്ന് ഭക്ഷണപ്പൊതി പിടിച്ചു വാങ്ങി വലിച്ചെറിഞ്ഞ് കുട്ടിയെ ശകാരിക്കുന്ന രംഗത്തേക്കാണ് ഞാന്‍ കടന്നു ചെന്നത്.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ അലമുറ അവസാനിച്ചു. ഏതോ ഒരു കോമഡി സീന്‍ ആസ്വദിച്ച മട്ടില്‍ കൂടി നിന്നവര്‍ പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി. ഭിക്ഷ യാചിക്കാനായി കൈ നീട്ടി, ആണ്‍കുട്ടിയെയുമെടുത്ത് നാടോടി സ്ത്രീ മുന്നോട്ട് നീങ്ങി.

മാറി നിന്ന് കരഞ്ഞു കൊണ്ടിരുന്ന ആ കൊച്ചു പെണ്‍കുട്ടി, പതുക്കെ നടന്ന് തറയില്‍ ചിതറിക്കിടക്കുന്ന ഭക്ഷണമെടുത്ത് ആര്‍ത്തിയോടെ കഴിക്കുന്നത് കണ്ടപ്പോള്‍, എന്റെ തോളില്‍ തൂക്കിയിട്ടിരുന്ന ക്യാമറ ഉപയോഗിച്ച് ഞാന്‍ ഒന്നുരണ്ട് സ്‌നാപ്പുകളെടുത്തു.

മുഖത്ത് തുളുമ്പി നില്‍ക്കുന്ന വിശപ്പിന്റെ ഭാവത്തോടും, കറുത്ത കവിളത്ത് ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുള്ളികളോടും കൂടെ അവളെന്നെ നോക്കി.

പോക്കറ്റില്‍ നിന്നും പത്തു രൂപാ നോട്ടെടുത്ത് ഞാന്‍ അവള്‍ക്കു നീട്ടി. അവളത് വാങ്ങി സൂക്ഷിച്ചു. വീണ്ടും നിലത്തു നിന്ന് ഭക്ഷണം പെറുക്കി കഴിച്ചു കൊണ്ടിരുന്നു.

ഒരാഴ്ച കഴിഞ്ഞു. ഒരു ഒഴിവു ദിവസം പ്രഭാതത്തില്‍ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ഞാന്‍ പഴയ മാസികകള്‍ മറിച്ചു നോക്കുകയായിരുന്നു.

‘ഇക്കാക്കാ’
ചിഞ്ചു മോളുടെ മധുര ശബ്ദം എന്റെ ശ്രദ്ധ തെറ്റിച്ചു.

അയല്‍പക്കത്തെ ബാവക്കാടെ മോളാണ് ചിഞ്ചുമോള്‍. എയിഡഡ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. എന്റെ ആത്മ സുഹൃത്തുക്കളിലൊരാള്‍.

‘എന്താ കുട്ടാ..’
‘ഇക്കക്കാടെ പേര് ഇന്നത്തെ പേപ്പറിലുണ്ട്’
‘എവിടെ? നോക്കട്ടെ.’

ചിഞ്ചു മോള്‍ടെ കൈയ്യില്‍ നിന്ന് ഞാന്‍ ആ പത്രം വാങ്ങി മറിച്ചു നോക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എടുത്ത ആ നാടോടി പെണ്‍കിടാവിന്റെ ചിത്രം അതില്‍ അച്ചടിച്ചു വന്നിരുന്നു. ‘കേരളം വിശക്കുന്നു’ എന്ന അടിക്കുറിപ്പിന് താഴെ എന്റെ പേരുമുണ്ടായിരുന്നു.

‘ആരാ ഇക്കക്കാ, ഈ കുട്ടി’
‘അറിയില്ല. ചിഞ്ചു മോളെ പോലത്തെ ഒരു കുട്ടി.’

എന്റെ കൈയ്യില്‍ നിന്ന് പത്രം തട്ടിപ്പറിച്ച് ചിഞ്ചു മോള്‍ അപ്പുറത്തേക്ക് ഓടി മറിഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറം, എത്ര മറക്കാന്‍ ശ്രമിച്ചിട്ടും എന്റെ മനസ്സിലെവിടെയോ മായാത്ത മുഖമായി ആ നാടോടി പെണ്‍കിടാവ് അവശേഷിക്കുന്നു.

ദൈവമേ…, അവള്‍ വീണു !!!

ചെന്ത്രാപ്പിന്നി റോയല്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. ക്ലാസ്സില്‍ കുറെ തരുണീമണികളുള്ളതിനാല്‍ എന്നും മുടങ്ങാതെ ക്ലാസ്സിലെത്തും.

ഞാന്‍ അല്‍പ്പം പഞ്ചാരയാണെന്നാണ് പല പെണ്‍കുട്ടികളുടെയും വെയ്പ്. അതില്‍ സത്യമൊന്നുമില്ല കേട്ടോ..

ഏറ്റവും വെറുപ്പുള്ള വിഷയം ഇംഗ്ലീഷായിരുന്നു. പക്ഷെ, എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടീച്ചര്‍, ഇംഗ്ലീഷ് എടുക്കുന്ന ഷീബ ടീച്ചറാണ്.

ഷീബ ടീച്ചറുടെ ക്ലാസ് ഞാന്‍ ശ്രദ്ധിച്ച് കേട്ടിരിക്കും. താടിക്ക് കൈയ്യും കൊടുത്ത് ടീച്ചറുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന എന്നെ കാണുമ്പോള്‍ ടീച്ചര്‍ അഭിമാനം കൊള്ളുന്നതു പോലെ തോന്നാറുണ്ട് എനിക്ക്.

അതല്ലെങ്കിലും അങ്ങനെയാണല്ലോ.. ഇഷ്ടമില്ലാത്ത വിഷയം ഇഷ്ടമുള്ള ഒരാള്‍ പറഞ്ഞാല്‍ ഒരുപാട് ഇഷ്ടത്തോടെ നമ്മള്‍ കേട്ടിരിക്കും. ഒരിക്കലും ഈ ക്ലാസില്‍ നിന്ന് ഞാന്‍ ജയിക്കരുതേ എന്നു വരെ പ്രാര്‍ത്ഥിച്ചു പോയിട്ടുണ്ട്. അതിന് മറ്റൊരു കാരണം കൂടിയുണ്ട് കേട്ടോ..

പ്ലസ്ടുവിന് കുറെ ചുള്ളത്തിക്കുട്ടികള്‍ ഉണ്ട് എന്നതു തന്നെ കാരണം. ഞാന്‍ എവിടെ പോയാലും അവിടെയൊരു പ്രേമം ഉണ്ടാകും എന്ന് എന്റെ കൂട്ടുകാര്‍ ഇടക്കിടെ കളിയാക്കാറുണ്ട്. ഇത്തവണ, പ്ലസ്ടുക്കാരി ഷാഹിനയായിരുന്നു എന്റെ മനസ്സ് തട്ടിയെടുത്തത്.

മനസ്സ് തട്ടിയെടുത്തു എന്നു പറഞ്ഞാല്‍ അത് കളവാകും. ഞാന്‍ എന്റെ മനസ്സ് അവള്‍ക്ക് എടുക്കാന്‍ പാകത്തില്‍ തുറന്നിട്ടിട്ടും മൈന്‍ഡ് ചെയ്യാതെ പോയ്ക്കളഞ്ഞു… അവള്‍…

ഇത്രയും നല്ല മനസ്സ് അവള്‍ക്ക് വേറെ എവിടെ കിട്ടാന്‍…?

എങ്കിലും വിട്ടുകളയാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു.

ആദ്യം ഞാന്‍ അവളുടെ മുന്നില്‍ ഹീറോ ആവാന്‍ ശ്രമിച്ചു. പെണ്‍കുട്ടികള്‍ക്ക് കോളേജ് ഹീറോകളോട് ഒരു ഇഷ്ടം തോന്നുമല്ലോ.

പക്ഷെ അവള്‍ വീണില്ല.

പിന്നെയാണ് അവളുടെ വീക്ക്‌നെസ്സ് ഞാന്‍ കണ്ടെത്തിയത്. അവളുടെ ബോക്‌സില്‍ കൊല്ലം ഷാഫിയുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ ഞാന്‍ കണ്ടു. പുസ്തകത്തില്‍ ഷാഫിയുടെ പാട്ടുകളും..

പിന്നെ പാട്ടു പഠിക്കാനായി എന്റെ ശ്രമം. ഒടുവില്‍ ഒരുപാട് ശ്രമിച്ച് ഞാന്‍ കോളേജ് ഡേക്ക് ഒരു പാട്ടു പാടി..  എന്റെ പൊന്നേ….

കൂട്ടുകാര്‍ കൂവി… പിന്നെ എല്ലാവരും…

അവള്‍ വീണില്ല.. അതോടെ രണ്ടാം വഴിയും പൂട്ടി.

അന്നൊരു ശനിയാഴ്ചയായിരുന്നു. ശനിയാഴ്ച പ്ലസ്ടുക്കാര്‍ക്ക് റെഗുലര്‍ ക്ലാസുണ്ട്. ഞങ്ങള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസും…

സ്‌പെഷ്യല്‍ ക്ലാസുള്ള ദിവസം എന്റെയും കൂട്ടുകാരുടെയും ഭക്ഷണം കൊപ്രക്കളത്തെ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നിന്നാണ്. എല്ലാ ശനിയാഴ്ചയും അവിടെ ഏതെങ്കിലും കല്യാണം ഉണ്ടാകും. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരായതിനാല്‍, ഏതു സഹോദരന്റെ കല്യാണമായാലും പങ്കെടുക്കേണ്ടതും അവിടുന്ന് ഭക്ഷണം കഴിക്കേണ്ടതും നമ്മുടെ കര്‍ത്തവ്യമാണല്ലോ.

ചില സമയത്തെ എന്റെ കര്‍ത്തവ്യ ബോധം എന്നെ പല കുഴിയിലും കൊണ്ട് ചാടിക്കാറുണ്ട്.

എന്തായാലും, അന്നത്തെ ദിവസവും ഏതോ ഒരു സഹോദരന്റെ വിവാഹമുണ്ടായിരുന്നു. വധൂ വരന്‍മാരെ അനുഗ്രഹിക്കാന്‍ ഞാനും എന്റെ കൂട്ടുകാരും അങ്ങോട്ട് പോയി. നസീബും, റഫീഖും, സുമേഷും എന്റെ കൂടെയുണ്ടായിരുന്നു കേട്ടോ.

ഓഡിറ്റോറിയത്തില്‍ ചെന്നു, ചെറുക്കനോട് കുശലം പറഞ്ഞു.
‘അല്ല, എനിക്ക് മനസ്സിലായില്ലട്ടാ, നിങ്ങളെ.. സോറി..’
‘ഉവ്വടാ.. നിനക്ക് ഇപ്പോ ഞങ്ങളെയൊന്നും മനസ്സിലാവില്ല.’
‘ഉം.. അടിച്ചു പൊളിക്ക്. വാടാ… നമുക്കു പോയി ഭക്ഷണം കഴിച്ചിട്ട് വരാം. അപ്പോഴേക്കും ഇവനൊന്ന് ഫ്രീ ആവട്ടെ..’

ഞങ്ങള്‍ ഭക്ഷണശാലയിലെത്തി. ഭക്ഷണം കഴിച്ചു തുടങ്ങി.
‘ടാ.. ആരൊക്കെയോ നമ്മളെ വാച്ച് ചെയ്യുന്നതു പോലെ തോന്നുന്നു.’
‘ഇല്ലടാ.. അത് വിളിക്കാത്ത കല്യാണത്തിന് വന്നതു കാരണം നമുക്കു തോന്നുന്നതാ..’

പായസത്തിന്‌ നല്ല രുചിയുണ്ടായിരുന്നു. മതിവരുവോളം കോരിക്കുടിച്ചു.

‘അല്ല, നിങ്ങള്‍ ആരുടെ കൂടെ വന്നതാ..’
ചോദ്യകര്‍ത്താവ് ഒരു കാര്‍ന്നോര്‍ ആയതിനാല്‍ പെണ്ണിന്റെ അമ്മാവനാണെന്ന് മനസ്സിലായി.
‘ഞങ്ങള്‍ ചെക്കന്റെ കൂടെ വന്നതാ..’
‘ഓഹോ… ഭക്ഷണമൊക്കെ ഇഷ്ടപ്പെട്ടോ ആവോ..’
‘ഭേഷായിരുന്നു….’

ഭേഷോ…. അതെന്ത് ഭാഷ?
സലിം കുമാര്‍ പറഞ്ഞത് പോലെ, നമ്മള്‍ നമ്പൂതിരിമാരാണെന്ന് മനസ്സിലായിക്കോട്ടെ എന്നു കരുതി നസീബ് തട്ടിവിട്ടതാ…

‘ഏതായാലും ഭക്ഷണമൊക്കെ കഴിഞ്ഞതല്ലേ.. വിശ്രമിച്ചിട്ടേ പോകാവൂ… നാരായണാ.. ഇവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്തേക്കൂ…’

നാരായണന്‍ വന്ന് ഞങ്ങളുടെ ഫോട്ടോയുമെടുത്തു പോയി.

എന്നാലും എന്തിനായിരിക്കും അവര്‍ ഞങ്ങളുടെ ഫോട്ടോ എടുത്തത്…?
തിരിച്ചു പോരുമ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. ഞങ്ങള്‍ നാലു പേരും ഒരേ യൂണിഫോമിലായിരുന്നു….. !!!!

‘എന്തായിരുന്നു പുകില്..? ചെക്കന്റെ കൂടെ വന്നതാ.. ഭക്ഷണം ഭേഷായിരുന്നു. നമ്മള്‍ നമ്പൂതിരിമാരാണെന്ന് ശരിക്കും കരുതിക്കാണും അല്ലേ…’
‘ഉം… ക്ലൈമാക്‌സ് തിങ്കളാഴ്ച അറിയാം…’

തിങ്കളാഴ്ച കോളേജിലെത്തി. പതിവു പോലെ ഷീബ ടീച്ചറുടെ ക്ലാസ് ഞാന്‍ ശ്രദ്ധയോടെ കേട്ടു കൊണ്ടിരിക്കുമ്പോഴാണ് പ്രിന്‍സിപ്പലിന്റെ ദൂതന്‍ ക്ലാസിലേക്കു വന്നത്.

ഞങ്ങളെ നാലു പേരെയും ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു.

ഹരിദാസന്‍ മാഷുടെ ആ നോട്ടത്തില്‍ തന്നെ കാര്യം മനസ്സിലായി.
ഡയലോഗ് ഒന്നും പറയാതെ മാഷ് ഫോട്ടോ എടുത്തു കാണിച്ചു.

‘എന്താ വേണ്ടത്…?’
‘വീട്ടില്‍ നിന്ന് ആളെ കൊണ്ടു വരാം സാര്‍..’
‘അയ്യോ വേണ്ട. അത്ര വലിയ ത്യാഗമൊന്നും നിങ്ങള്‍ ചെയ്യണ്ട.’

അപ്പോഴേക്കും രണ്ടാം പിരീയഡിന്റെ മണി അടിച്ചു. ടീച്ചര്‍മാരും മാഷന്‍മാരും ഓഫീസ് മുറിയിലെത്തി. ക്ലാസ് ടെസ്റ്റിന്റെ ഉത്തരക്കടലാസ് ടീച്ചറെ ഏല്‍പ്പിക്കാന്‍ ഷാഹിനയും.

ഓഫീസ് മുറിയില്‍ തലകുനിച്ചു നില്‍ക്കുന്ന നാലു ചെറുപ്പക്കാരെ കണ്ടപ്പോള്‍ ടീച്ചര്‍മാര്‍ കാര്യം തിരക്കി.
എല്ലാവരോടുമായി ഹരിദാസന്‍ മാഷ് വിശദീകരിച്ചു.

‘കേട്ടോ ടീച്ചറേ.. വിളിക്കാത്ത കല്യാണത്തിന് പോയി സദ്യയുണ്ടവരാ ഇവര്‍. വീട്ടുകാര്‍ കൈയോടെ പിടികൂടി ഫോട്ടോ എടുത്ത് എന്റെ കൈയില്‍ തന്നപ്പോള്‍, എന്റെ തൊലി ഉരിഞ്ഞു പോയി.’

ഷീബ ടീച്ചര്‍ എന്നെ നോക്കി മൂക്കത്ത് വിരല്‍ വെച്ചു.
ഞാന്‍ ഇടംകണ്ണിട്ട് ഷാഹിനയെ നോക്കി.

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാനും ചിരിച്ചു, അവളെ നോക്കി… ഇന്നേവരെ ഞാന്‍ ചിരിക്കാത്ത ‘ഒരുതരം’ ചിരി…

അവളുടെ പുഞ്ചിരി ചിരിയായി വിടര്‍ന്നു..

ദൈവമേ…….. അവള്‍ വീണു………

ഇന്നെന്റെ വിവാഹസുദിനമായിരുന്നു….

2012 ജനുവരി 8.
ആറു മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ ഡയറിയില്‍ കുറിച്ചിട്ടതാണ് ഈ ദിവസം.

അന്നു നിന്നെ പെണ്ണു കാണാന്‍ വന്നപ്പോള്‍, നിന്റെ നാണവും പെരുമാറ്റവും ഞാനേറെ ശ്രദ്ധിച്ചിരുന്നു. സിംഹത്തെ കണ്ട് പേടിച്ച പേടമാനെ പോലെ നീ എന്റെ മുന്നില്‍ തല കുനിച്ചു നിന്ന ആ ദിവസം.

‘എന്താ പേര്?’
‘റസീന’
‘എവിടെയാ പഠിക്കുന്നത്?’
‘വലപ്പാട് മായയില്‍’

ഈ പെണ്ണുകാണാന്‍ പോകുന്നവരെയൊക്കെ സമ്മതിക്കണം. എത്ര ധൈര്യശാലിയായാലും ഒന്നു വിറക്കും. പേടിച്ചിട്ടല്ല, ഒരു ചമ്മല്‍….

സ്വപ്‌നം കാണുക എന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്. കാരണം, അതുവരെ ബ്ലാക്ക് & വൈറ്റ് ആയിരുന്ന എന്റെ സ്വപ്‌നങ്ങള്‍ കളര്‍ഫുള്‍ ആയത് അന്നുമുതലാണ്.

‘നീയെന്റെ ജീവിതത്തിലെ വസന്തമാകുമ്പോള്‍, ഞാനെന്നെ കുറിച്ച് അഹങ്കരിക്കുകയാണ്. ഞാനെത്ര ഭാഗ്യവാന്‍ അല്ലേ…’
‘റിയാസ്‌ക്കാ.. അങ്ങനെയൊന്നും പറയല്ലേ..’
‘എന്റെ ഉള്ളില്‍ നിന്നു പറഞ്ഞതാണത്. അന്ന് നിന്നെ കണ്ടതിന്റെ പിറ്റേന്നു തന്നെ ഞാന്‍ ഗള്‍ഫിലേക്കു പോന്നില്ലേ.. ഒരൊറ്റ തവണയല്ലേ ഞാന്‍ നിന്നെ കണ്ടിട്ടുള്ളൂ. പക്ഷെ ആ മുഖം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ലടാ..’
‘എന്റെയും’

മൊബൈലും ഇന്റര്‍നെറ്റും കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ തെണ്ടിപ്പോയേനേ..!! ശരീരം കൊണ്ട് ഞാന്‍ ഗള്‍ഫിലാണെങ്കിലും, മനസ്സു കൊണ്ട് വലപ്പാട്ട് തന്നെയാണ്.

ഞാന്‍ ഉണ്ണുമ്പോള്‍ അവളെക്കുറിച്ചോര്‍ക്കും. ഉറങ്ങുമ്പോള്‍ അവളെ നെഞ്ചോട് ചേര്‍ക്കും. ഓരോരോ നിമിഷങ്ങളിലെ വിശേഷങ്ങളും അവളോടു പറയും. മിസ്ഡ് കോളായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാന ‘ഹംസം’.

അന്നെല്ലാം നിന്നോട് ഞാന്‍ ഒരുപാട് ചോദിച്ചതല്ലേ.. എന്നെ ശരിക്കും ഇഷ്ടമാണോ എന്ന്.. ‘ഞാന്‍ പൂര്‍ണ്ണ മനസ്സോടെയാണ് റിയാസ്‌ക്കാനെ സ്‌നേഹിക്കുന്നത്’ എന്ന് നീ പറഞ്ഞപ്പോള്‍, എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു.

എന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍, ഞാന്‍ നാട്ടിലെത്തി. കല്യാണ ഒരുക്കങ്ങളെല്ലാം നടത്തി. കല്യാണക്കുറി അടിച്ചു നാട്ടുകാരെയും വീട്ടുകാരെയും എല്ലാവരെയും ക്ഷണിച്ചു.

പക്ഷെ…..,

എന്തിനാ…
എന്തിനാ നീ എന്നെ മോഹിപ്പിച്ചത്?  എന്തിനാ നീ എന്നോടു കള്ളം പറഞ്ഞത്…?

ഒരുവാക്ക്..
ഒരുവാക്ക് പറയാമായിരുന്നില്ലേ… നീ മറ്റൊരുവനുമായി പ്രണയത്തിലായിരുന്നുവെന്ന്…

നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ എന്നെ എന്തിനാ നീ വിഢിവേഷം കെട്ടിച്ചത്…? എന്നോടെന്തിനാ ഈ ക്രൂരത കാണിച്ചത്…?

നിന്റെ ഇഷ്ടങ്ങളെ തടഞ്ഞുവെക്കാന്‍ ഞാന്‍ ആരുമല്ല. പക്ഷെ, ഈ ആറുമാസങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും ഒരു വാക്ക് എന്നോടു സൂചിപ്പിക്കാമായിരുന്നില്ലേ… നിന്റെ ജീവിതത്തില്‍ നിന്ന് എന്നേ ഞാന്‍ ഒഴിഞ്ഞു പോകുമായിരുന്നു. പക്ഷെ, അവസാനം കല്യാണത്തലേന്ന് തന്നെ നീ കാമുകനുമായി ഒളിച്ചോടിയെന്ന് കേട്ടപ്പോള്‍ തകര്‍ന്നത് ഞാനാണ്. പൊലിഞ്ഞത് എന്റെ സ്വപ്‌നങ്ങളാണ്.

എന്നെ വിഢിവേഷം കെട്ടിച്ച് നീ നേടിയെടുത്ത ജീവിതം എന്നും നിന്റേതായി നിലനില്‍ക്കട്ടെ… നിന്റെ ചുണ്ടിലെ ഈ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ…

എന്റെ കണ്ണീര്‍ തുള്ളികള്‍ ഈ മണ്ണില്‍ വീഴാതെ ഞാന്‍ നോക്കിക്കൊള്ളാം.. കാരണം, കണ്ണില്‍ നിന്ന് പൊടിയുന്ന ചോരത്തുള്ളികളുടെ ചൂടേറ്റ് ഈ മണ്‍തരികള്‍ നിന്നെ ശപിക്കാതിരിക്കട്ടെ….

ഷാഫി Vs ഷാഫി

സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഷാഫിയുടേത്. പ്രതിസന്ധികളെ നിസ്സാരവത്കരിച്ച് കാണുകയാണ് അവന്റെ പതിവ്.
‘പല പല നാളുകള്‍ ഞാനൊരു പുഴുവായ് പവിഴക്കൂട്ടിലൊളിച്ചു..
ഇരുളും വെട്ടവും അറിയാതങ്ങനെ ഇരുന്നു നാളുകള്‍ നീക്കി…’

മൂന്നാം ക്ലാസ്സില്‍ രണ്ടാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ മുതല്‍ അവന്‍ മൂളിക്കൊണ്ടു നടന്ന പാട്ട് ഇതായിരുന്നു.

ചെന്ത്രാപ്പിന്നി ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ അവന്‍ പാടിപ്പഠിച്ചതാണ് ‘കഴിഞ്ഞു പോയ കാലം കടലിനക്കരേ.. ‘ എന്നു തുടങ്ങുന്ന ഗാനം.

കാലമെത്ര കഴിഞ്ഞിട്ടും ആ വരികള്‍ ഇന്നും ശരിക്ക് പഠിക്കാന്‍ അവനായില്ല എന്നതാണ് സത്യം.

2012 ജനുവരി 25-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ അവന്‍ ആ പാട്ട് പാടിയത് ഇങ്ങനെയാണ്…

കൃത്യം ഒരാഴ്ചക്ക് ശേഷം 2012 ഫെബ്രുവരി 3-ന് അതേ പാട്ട് മറ്റൊരു വേദിയില്‍ അവതരിപ്പിച്ചത് ഇങ്ങനെ…. വേദി : സ്വന്തം വിവാഹത്തലേന്ന്…

ഇനി, ഏതെങ്കിലും സത്യമുള്ള ദേവിയുടെ മുന്നില്‍ കൊണ്ടു പോയി ഷാഫിയെക്കൊണ്ട് സത്യം ചെയ്യിപ്പിക്കേണ്ടി വരുമോ….?

വെറുതെ ഒരു പിണക്കം

രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ഒരു ഇന്റര്‍വെല്‍ കൊടുത്ത് സുഹൃത്ത് നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. അവനു വേണ്ടി പര്‍ച്ചേസിംഗിനായാണ് ഞങ്ങള്‍ ദുബൈ അല്‍ഖിസൈസിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്.

പ്രവാസികള്‍ എന്നും ഇങ്ങനെയാണ്. വിലകൂടിയതെന്തെങ്കിലും വാങ്ങണമെങ്കില്‍ നാട്ടില്‍ പോകാന്‍ അവസരം കിട്ടണം. ഈ മരുമണല്‍ക്കാട്ടില്‍, ആരുടെയോ നേട്ടത്തിന് വേണ്ടി അറവുമാടിനെപ്പോലെ പണിയെടുക്കുന്നവന്, നാട്ടില്‍ പോവുക എന്നു പറഞ്ഞാല്‍ സ്വര്‍ഗ്ഗീയാനുഭൂതി തന്നെയാണ്.

മറന്നു പോകാതിരിക്കാനായി, വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് അവന്‍ തയ്യാറാക്കിയിരുന്നു. വല്യുപ്പാക്കുള്ള ഉടുമുണ്ടു മുതല്‍ പെങ്ങളുടെ മക്കള്‍ക്കായുള്ള കളിപ്പാട്ടം വരെയുണ്ട് അതില്‍.

‘അല്ല, നിനക്കൊന്നും വാങ്ങണ്ടേ..’
‘കഴിഞ്ഞ പെരുന്നാളിനെടുത്ത പാന്റ്‌സും ഷര്‍ട്ടുമുണ്ട്. എനിക്ക് തത്കാലം അതു മതിയെടാ..’

മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍ സ്വയം എരിഞ്ഞടങ്ങുന്ന മെഴുകുതിരിയാണല്ലോ പ്രവാസി. എല്ലാ പ്രവാസികളുടെയും ചിന്തകള്‍ക്ക് സാമ്യതകളുണ്ടായിരിക്കണം.

സാധനങ്ങള്‍ ഓരോന്നായി എടുത്ത് കൊണ്ടിരിക്കുന്ന തിരിക്കിലാണ് അവന്‍. ഞാന്‍ പതുക്കെ വസ്ത്രശാലയിലേക്ക് പോയി. ഏതായാലും കഴിഞ്ഞ പെരുന്നാളിനെടുത്ത ഷര്‍ട്ടും പാന്റ്‌സുമിട്ട് അവന്‍ നാട്ടില്‍ പോകണ്ട. അവന് നല്ലൊരു ഡ്രസ് എടുത്തു കൊടുക്കണം.

ഞാന്‍ ആ വിശാലമായ ഷോറൂമില്‍ അവനു വേണ്ടിയുള്ള ഷര്‍ട്ട് തിരയുകയായിരുന്നു.

അവനു യോജിച്ച ഡ്രസ്സുമെടുത്ത് ഞാന്‍ നടക്കുന്നതിനിടയില്‍, ആ കൊച്ചു പെണ്‍കുട്ടിയാണ് എന്റെ ശ്രദ്ധതിരിച്ചത്. ഒരു മൂന്നുവയസ്സുകാരി സുന്ദരിക്കുട്ടി.

അവള്‍ അവിടെയുള്ള പാവക്കൂട്ടത്തിനടുത്ത് നിന്ന് കഥ പറയുകയാണ്. അതില്‍ ചുവന്ന കളറുള്ള പാവക്കുട്ടിയെ ചീത്ത പറയുന്നുമുണ്ടവള്‍.

ഞാന്‍ ആ കുട്ടിയുടെ കുസൃതിത്തരങ്ങള്‍ അല്‍പ്പനേരം നോക്കി നിന്നു. പെട്ടെന്നവള്‍ തിരിഞ്ഞ് എന്നെയൊന്നു നോക്കി. ഞാന്‍ പുഞ്ചിരിച്ചപ്പോള്‍, കുഞ്ഞിളം പല്ലുകാട്ടി അവളെന്നോടും ചിരിച്ചു.

ഞാന്‍ ചുവന്ന പാവക്കുട്ടിയെയുമെടുത്ത് അവളുടെ അരികില്‍ ചെന്നു ചോദിച്ചു.

‘മോള്‍ക്ക് ഇത് ഇഷ്ടായോ…?’
മറുപടി പറയാതെ അവള്‍ പിന്നെയും ചിരിച്ചു.

ഞാന്‍ അതിനെ അവളുടെ കൈയ്യില്‍ കൊടുത്തെങ്കിലും അവളത് വാങ്ങാന്‍ വിസമ്മതിച്ചു.

കൈ രണ്ടും വായില്‍ വെച്ച് എന്നെ നോക്കി ചിരിച്ചു തന്നെ നില്‍ക്കുകയാണ് ആ കൊച്ചു മിടുക്കി.

‘മോള്‍ടെ ഉപ്പ എന്ത്യേ..’

അവള്‍ പുറകോട്ട് തിരിഞ്ഞു നോക്കി, ഞാനും.

‘മാളൂട്ടീ…. ‘
അപ്പുറത്തു നിന്നുള്ള സ്ത്രീ ശബ്ദം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കി.

‘മാളൂട്ടിയെ ദേ ഉമ്മ വിളിക്കുന്നു’

മാളൂട്ടിയെ തേടി ഉമ്മ വന്നപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.

‘റിയാസ്… നീ… ഇവിടെ…’
വര്‍ഷങ്ങള്‍ക്കു ശേഷം നേരില്‍ കണ്ട അങ്കലാപ്പിലായിരുന്നു ഞാനും അവളും.

‘ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലോ ജിന്‍സീ.. ഇങ്ങനെയൊരു കൂടിക്കാഴ്ച’
ഞാനും തരിച്ചു നില്‍ക്കുകയാണ്.

പ്രതീക്ഷിക്കാതെയാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സൗഹൃദത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന ആത്മവിശ്വാസമായിരുന്നെനിക്ക്.

വാക്കുകള്‍ കൊണ്ട് കസര്‍ത്തു കാണിക്കല്‍ എന്റെ ഹോബിയായിരുന്നു. നോട്ടുബുക്കിലെ പേജുകളില്‍ കുറെ ഡയലോഗ് കുത്തിക്കുറിച്ചിടും. ആര്‍ക്കും വായിക്കാനോ, ആര്‍ക്കെങ്കിലും കൊടുക്കാനോ വേണ്ടിയല്ല. എന്തെങ്കിലും എഴുതുക എന്നതു മാത്രമായിരുന്നു അന്നെന്റ ആഗ്രഹം.

വലിയ കഥാകാരന്‍ ആകണമെന്നൊന്നും മോഹിച്ചിട്ടില്ല. എങ്കിലും, അന്നെന്റെ ഒരു കഥ വായിച്ച് അവളെന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു.

‘എഴുതണം.. ഇനിയും എഴുതണം… നിന്റെ കഥകള്‍ക്ക് എന്തോ ജീവനുള്ളതു പോലെ.. അതുകൊണ്ട് തീര്‍ച്ചയായും എഴുതണം..’

ഒരു തമാശയായാണ് ഞാന്‍ അവളുടെ വാക്കുകളെടുത്തത്.
‘ഉം.. എഴുതാം… നിനക്കായ് ഞാന്‍ ഒരെണ്ണം എഴുതിത്തരാം..’

പിറ്റേന്ന് കോളേജിലെത്തിയപ്പോള്‍, ഞാന്‍ അവളുടെ നോട്ടുബുക്കു വാങ്ങി. അതില്‍ ഞാനെന്റെ തൂലികയെടുത്ത് കുറിച്ചിട്ടു.

‘ആകാശത്ത് മഴവില്ല് വിരിയുമ്പോഴും…
ഭൂമിയെ മന്ദമാരുതന്‍ പുണരുമ്പോഴും..
ഈ പേനയുടെ ബോള്‍ കറങ്ങിത്തിരിഞ്ഞ് പേജില്‍ അക്ഷരങ്ങള്‍ വരക്കുമ്പോഴും..
എന്റെ മനസ്സില്‍ നീയാണ്… നീ മാത്രം…

വസന്തങ്ങള്‍ ഇനിയും ഇലപൊഴിച്ചേക്കാം.. കാര്‍മേഘം ഇനിയും പെയ്‌തൊഴിഞ്ഞേക്കാം.. എങ്കിലും, നീ എന്നില്‍ നിന്നും ഒരിക്കലും അകലരുതേ എന്ന പ്രാര്‍ത്ഥനയോടെ…’

എഴുതി കഴിഞ്ഞപ്പോള്‍ ആ നോട്ടുബുക്ക് ഞാന്‍ അവള്‍ക്ക് തിരിച്ചു കൊടുത്തു. ആവേശത്തോടെ അവള്‍ എന്റെ മുന്നില്‍ വെച്ചു തന്നെ ആ പേജെടുത്തു വായിച്ചു.

എന്നിട്ട് എന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി.
അവളുടെ കമന്റ് കേള്‍ക്കാന്‍ ഞാന്‍ കാത്തിരുന്നു.

‘എടാ തെണ്ടീ…’
ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം കോപാകുലയായ അവളുടെ വാക്കുകള്‍ എന്നെ നിശ്ചലനാക്കി.
‘എനിക്ക് ലൗ ലെറ്റര്‍ തരാനല്ല നിന്നോട് എഴുതാന്‍ പറഞ്ഞത്. സൗഹൃദത്തെ വഞ്ചിക്കുകയാണ് നീ ചെയ്തത്. നിന്റെ സുഹൃത്തിനെയും..’

‘ജിന്‍സീ.. ഞാന്‍ വെറുതെ…’
എന്റെ വാക്കുകള്‍ക്ക് അവള്‍ ചെവി കൊടുത്തില്ല. പിന്നീടൊരിക്കല്‍ പോലും എന്നോടവള്‍ മിണ്ടിയിട്ടുമില്ല.

അക്ഷരങ്ങളോടുള്ള എന്റെ ചങ്ങാത്തം ഞാന്‍ താത്കാലികമായി ഉപേക്ഷിച്ചു. പേന കൈയ്യിലെടുക്കുമ്പോള്‍ അവളുടെ ആ തുറിച്ചു നോട്ടം എന്റെ മനസ്സില്‍ തെളിയും. പിന്നെങ്ങിനെ എഴുതാനൊക്കും…?

‘വര്‍ഷങ്ങളൊരുപാടു കഴിഞ്ഞല്ലോ ജിന്‍സീ.. ഇനിയും എന്നോടു ദേഷ്യത്തിലാണോ..’
‘എന്താ റിയാസേ ഇങ്ങനെ പറയണത്. അന്ന് എന്റെ മനസ്സില്‍ പെട്ടെന്ന് തന്നോട് ദേഷ്യം തോന്നി എന്നത് സത്യമാണ്. പക്ഷെ അതും മനസ്സില്‍ കൊണ്ട് നടക്കുന്നു എന്നു കരുതിയോ.. തന്റെ കഥകള്‍ എവിടെയെങ്കിലുമൊക്കെ പ്രസിദ്ധീകരിച്ചു വരും എന്നു ഞാനും കുറെ ആഗ്രഹിച്ചിരുന്നു. എന്താ കഥയെഴുത്തൊക്കെ നിറുത്തിയോ…?’
‘എഴുതണം… ‘

മാളൂട്ടി എന്റെ തോളിലിരുന്ന് പാവക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് എന്റെ ഫോണ്‍ ശബ്ദിച്ചത്. സുഹൃത്തിന്റെ മിസ്ഡ് കോള്‍ ആയിരുന്നു.

ജിന്‍സിയോട് ഞാന്‍ യാത്ര പറഞ്ഞ് പോരുമ്പോള്‍, മനസ്സില്‍ മഞ്ഞുരുകിയ പ്രതീതിയായിരുന്നു….

അവസാനത്തെ ഡയറിക്കുറിപ്പ്‌

മറവി മനുഷ്യന് ഒരനുഗ്രഹമാണ്. അല്ലെങ്കിലും, ഓര്‍മ്മകളുടെ പുസ്തകത്തില്‍ നഷ്ടങ്ങളുടെ കണക്കെഴുതാന്‍ വിധിക്കപ്പെട്ടവന്, ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് മറവി.

പണ്ടെന്നോ ഡയറിയില്‍ കുറിച്ചിട്ടതൊക്കെ മറിച്ചു നോക്കുകയാണ് ഞാന്‍. കൂട്ടിയാലും കിഴിച്ചാലും നഷ്ടം മാത്രം ലഭിച്ചിട്ടുള്ള എന്റെ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മക്കുറിപ്പ് വായിക്കാന്‍ ഒരു പ്രത്യേക സുഖം.

ഇരിങ്ങാലക്കുടയിലെ ഒരു പാരലല്‍ കോളേജ് അധ്യാപകനായിരുന്ന കാലത്താണ് എന്റെ ഡയറിയെഴുത്ത് തുടങ്ങിയത്. ജീവിതത്തിലെ ഓരോ സംഭവങ്ങള്‍, കണ്ടുമുട്ടലുകള്‍.. എല്ലാം വ്യക്തമായി എഴുതാന്‍ ഞാന്‍ പ്രത്യേകം ശ്രമിച്ചിരുന്നു.

ക്ലാസില്ലാത്ത പീരിയഡുകളാണ് ഡയറിയെഴുതാന്‍ ഞാന്‍ തിരഞ്ഞെടുത്തിരുന്നത്. ഒറ്റക്കിരിക്കുമ്പോള്‍ അക്ഷരങ്ങളെ കോര്‍ത്തിണക്കല്‍ എന്റെ പ്രധാന ഹോബിയായിരുന്നു.

അന്നൊരിക്കല്‍ ഡയറി എഴുതി കൊണ്ടിരിക്കുമ്പോളാണ് അശ്വിനി ഓഫീസ് മുറിയിലേക്ക് കയറി വന്നത്.

‘മാഷെന്തോ കാര്യമായി എഴുതികൊണ്ടിരിക്കുവാണല്ലോ..’
‘ഉം…’
‘എന്താണത്?’
എന്റെ കുട്ടികള്‍, എന്റെ കൂട്ടുകാരായിരുന്നു. അതു കൊണ്ടു തന്നെ ഒരു കൂട്ടുകാരിയുടെ സ്വാതന്ത്ര്യം അശ്വിനിയുടെ വാക്കുകളില്‍ ഞാന്‍ കണ്ടു.
‘വെറുതെ ഇരുന്നപ്പോ.. ഡയറിയെഴുതിയതാ..’
‘ഞാനൊന്ന് വായിച്ചോട്ടെ…’
എന്റെ സമ്മതമില്ലാതെ തന്നെ എന്റെ കൈയ്യില്‍ നിന്നും അവള്‍ അത് വാങ്ങി. ആദ്യ പേജ് മറിച്ചു.

‘നിന്റെ കൈവിരലുകള്‍ ചുംബിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെയോ. ദസ്തയോവ്‌സ്‌കിയുടെ ഈ വാക്കുകളാണ് എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്. പക്ഷെ കൗമാരക്കാന്‍ എഴുതുന്നതെന്തും പ്രണയകാവ്യമാകണമെന്നില്ലല്ലോ..’

ഡയറിയുടെ ആമുഖം വായിച്ച് അവള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ചൊന്ന് നോക്കി.
എന്നിട്ടൊരു ചോദ്യവും.
‘മാഷ് പ്രേമിക്കുന്നുണ്ടോ’
‘ഇല്ല!!!’
‘മാഷെ ആരെങ്കിലും പ്രേമിക്കുന്നുണ്ടോ’
‘ഇല്ലേയില്ല’
‘എങ്കീ ഞാന്‍ പ്രേമിക്കുന്നുണ്ട്. കൊച്ചു കൊച്ചു തമാശകളോടെ ക്ലാസ്സെടുക്കുന്ന… അനുസരിക്കാഞ്ഞാല്‍ കൈയ്യില്‍ ചൂരല്‍കഷായം തരുന്ന…. ഈ മാഷെ…. ഞാന്‍ പ്രേമിക്കുന്നുണ്ട്.’

അതും പറഞ്ഞ് അവളൊരൊറ്റ ഓട്ടം.
തലക്കകത്ത് ഇടിവെട്ടിയത് പോലെയായി എനിക്ക്. കോളേജ് ലൈഫില്‍ പ്രേമലേഖനം എഴുതി പോക്കറ്റിലിട്ട് കൊണ്ട് നടന്നിട്ട് ആരും സ്വീകരിച്ചില്ല. അവസാനം പാന്റ്‌സ് ഉമ്മ അലക്കാനെടുത്തപ്പോള്‍ തല്ല് കിട്ടിയത് മാത്രം മിച്ചം.

ഒരു കൊച്ചു സുന്ദരിക്കുട്ടിയാണ് അശ്വിനി. ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി. ക്ലാസിലെ കുറുമ്പുകാരി. പെണ്‍പടയിലെ കെങ്കേമി. അവളില്‍ നിന്ന് ഇങ്ങനെയൊരു വാക്ക്… അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല.

അവള്‍ ഇനി തമാശ പറഞ്ഞതായിരിക്കുമോ?
അതോ സീരിയസ്സായിട്ടും…
റബ്ബേ.. എന്റെ ഡയറിയും അവളുടെ കൈയ്യിലായിപ്പോയല്ലോ.

ഞാന്‍ തലക്ക് കൈവെച്ച് അല്‍പ്പ നേരം ഇരുന്നു. കൂട്ട ബെല്‍ അടിച്ചപ്പോളാണ് പിന്നെയെനിക്ക് സ്വബോധം തിരികെ കിട്ടിയത്.

ഞാനും പുസ്തകമെടുത്ത് പുറത്തേക്കിറങ്ങി. അല്‍പ്പദൂരം നടക്കണം ബസ് സ്റ്റാന്റിലേക്ക്. കോളേജിന്റെ പടിവാതിലില്‍ എന്നെയും കാത്ത് അവളുണ്ടായിരുന്നു.

ഞാന്‍ അടുത്തെത്തിയപ്പോള്‍ അവളും എന്റെ കൂടെ നടന്നു. റോഡില്‍ നോക്കി നടക്കുന്ന എന്നോട് അവള്‍ ചോദിച്ചു.
‘എന്താ മാഷേ.. എന്നോട് പിണക്കത്തിലാണോ’
‘തന്നോട് ഞാനെന്തിന് പിണങ്ങണം?’
‘ഞാന്‍ പറഞ്ഞത് വല്ലതും വിഷമമായോ മാഷ്‌ക്ക്?’
‘ഏയ്… ഇല്ല!!’
ഞാനെല്ലാം മറയ്ക്കുവാന്‍ ശ്രമിച്ചു.
‘പക്ഷെ, ഞാന്‍ പറഞ്ഞതെല്ലാം സത്യമാ മാഷേ.. ഈ മാഷെ എനിക്ക് വല്യ ഇഷ്ടാ…’
‘അശ്വിനീ.. മാതാ പിതാ ഗുരു ദൈവം എന്നാ ചൊല്ല്. പഠിപ്പിക്കുന്ന അദ്ധ്യാപകനെ ദൈവമായാ കാണേണ്ടത്.’
‘ഭര്‍ത്താവിനെയും ദൈവതുല്യനായി കാണണം എന്ന് എന്റെ അമ്മ പറയാറുണ്ട്’

പിടിച്ചതിനേക്കാളും വലിയതാണല്ലോ അളയില്‍!!!!

‘അശ്വിനീ.. നിന്നെ ഞാന്‍ കുറ്റം പറയില്ല. കാരണം നിന്റെ പ്രായം ഇതാണ്. കൗമാര പ്രായത്തില്‍ തോന്നുന്ന ചാപല്യമാണ് പ്രണയം. വീട്ടില്‍ ചെന്ന് തണുത്ത വെള്ളത്തില്‍ തല നനച്ചാല്‍ ഈ ചാപല്യമൊക്കെ പോയിക്കിട്ടും.’

ഒരു അധ്യാപകന്റെ ഗൗരവം കൈവിടരുതല്ലോ. ഈ ഡയലോഗും പറഞ്ഞ് ഞാന്‍ ചെന്ത്രാപ്പിന്നിക്കുള്ള ബസ് കയറി.

പിറ്റെ ദിവസം ഒന്നും സംഭവിക്കാത്ത മട്ടില്‍ ഞാന്‍ കോളേജില്‍ ചെന്നു. പതിവു പോലെ ക്ലാസെടുത്തു. പക്ഷെ അവളെ ഞാന്‍ കണ്ടില്ല.
പിന്നീടുള്ള രണ്ടു ദിവസവും അവള്‍ വന്നില്ല. എന്താണ് വരാതിരിക്കാനുള്ള കാരണമെന്ന് ഞാന്‍ അന്വേഷിച്ചുമില്ല.

പിന്നീടൊരു ദിവസം വീട്ടിലിരിക്കുമ്പോഴാണ് പോസ്റ്റ്മാന്‍ ഗംഗാധരേട്ടന്‍ എനിക്കൊരു കൊറിയര്‍ കൊണ്ടു തന്നത്. എന്താണെന്നറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ ആ കവര്‍ പൊട്ടിച്ചു. അതില്‍ എന്റെ ഡയറിയായിരുന്നു.

ഞാന്‍ ഡയറി തുറന്നു. അവസാന പേജില്‍ ഒരു കുറിപ്പ്.

‘പ്രിയപ്പെട്ട മാഷ്‌ക്ക്,

ഡയറി അച്ഛന്‍ കണ്ടു. മാഷ് തന്നതാണെന്ന് ഞാന്‍ കള്ളം പറഞ്ഞു.
ഇനി മേലില്‍ ക്ലാസില്‍ പോകേണ്ടെന്ന് പറഞ്ഞു ഒരുപാട് ശകാരിച്ചു.

മാഷ് പറഞ്ഞത് സത്യമാ. ഗുരു ദൈവമാണ്.
ദൈവത്തോട് ചെയ്ത തെറ്റിന് അച്ഛന്‍ എനിക്ക് ശിക്ഷ തന്നു.

മാഷ് എന്റെ ദൈവം തന്നെയാ.
ഒരു പൊട്ടിപ്പെണ്ണിന്റെ കുസൃതിയായി കണ്ട് എന്നോട് പൊറുക്കണം..

ഇനി നമ്മള്‍ തമ്മില്‍ കാണാനിടയില്ല. പക്ഷെ, എന്നെങ്കിലും കണ്ടാല്‍..
ഞാനാ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിക്കാം.. എന്നെ ശപിക്കരുത്..

ഈ ദൈവത്തിന്, എന്റെ മനസ്സില്‍ വലിയൊരു സ്ഥാനമുണ്ട്.
ആരും, ആര്‍ക്കും കൊടുക്കാത്ത വലിയ സ്ഥാനം…

പൂജാമുറിയിലെ ഈശ്വരന്‍മാര്‍ക്കു മുമ്പില്‍ ഞാന്‍ തിരി തെളിയിക്കുമ്പോള്‍, മനസ്സില്‍ ഞാന്‍ മാഷ്‌ക്ക് മുമ്പിലും തിരിതെളിക്കും.

എന്നില്‍ ജീവനുള്ള കാലത്തോളം…

സ്വന്തം,
അശ്വിനി.’

കണ്ണീരോടെയല്ലാതെ ഇന്നും ഈ എഴുത്ത് വായിക്കാന്‍ എനിക്ക് കഴിയുന്നില്ലല്ലോ. പഠനകാലത്ത് കുറുമ്പു കാട്ടിയ കുട്ടികളില്‍ പലരെയും, ഞാന്‍ പലയിടത്തും വെച്ചു കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷെ, ഞാന്‍ തിരഞ്ഞ നിന്റെ മുഖം മാത്രം ഇതുവരെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല..

നിന്റെ പഠനം മുടക്കിയ ഈ ഡയറിയില്‍ ഞാന്‍ പിന്നീടൊന്നും കുറിച്ചില്ല. എഴുതാന്‍ പലകുറി ശ്രമിച്ചെങ്കിലും, നിന്റെ കണ്ണുനീര്‍ വീണ ഡയറി എന്നെ സമ്മതിച്ചില്ല.

ഏതൊരധ്യാപകനും സ്വന്തം ശിഷ്യര്‍ ഉന്നതിയിലെത്തണമെന്നേ ആഗ്രഹിക്കൂ. ഞാനും ആഗ്രഹിക്കുന്നു, എന്നേക്കാള്‍ വലിയ നിലയില്‍ നിന്നെ കാണുവാന്‍..

ദൈവം നിനക്ക് നല്ലതു മാത്രം വരുത്തട്ടെ…